മുംബൈ : എയർ ഇന്ത്യ വിമാനത്തിന്‍റെ ശൗചാലയത്തിൽ പുക വലിച്ചതിനും സഹയാത്രികരോട് മോശമായി പെരുമാറിയതിനും ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. അമേരിക്കൻ പൗരത്വമുള്ള രമാകാന്ത് (37) എന്നയാൾക്കെതിരെയാണ് മുംബൈ സഹാർ പൊലീസ് കേസെടുത്തത്. എയർ ഇന്ത്യയുടെ ലണ്ടൻ- മുംബൈ വിമാനത്തിൽ മാർച്ച് 11നായിരുന്നു സംഭവം.
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 336 (മനുഷ്യ ജീവനോ, സുരക്ഷയോ അപകടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യൽ), എയർക്രാഫ്റ്റ് ആക്റ്റ് 1937ലെ 22 (പൈലറ്റിന്‍റെ നിർദേശങ്ങൾ അനുസരിക്കാതിരിക്കല്‍) 23 (സുരക്ഷയെ ബാധിക്കുന്നതോ, അച്ചടക്കത്തെ ബാധിക്കുന്നതോ ആയ കാര്യങ്ങള്‍) 25 (വിമാനത്തിനുള്ളിലെ പുകവലി) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
'വിമാനത്തിൽ പുകവലി അനുവദനീയമല്ല, പ്രതി വിമാനത്തിന്‍റെ ശൗചാലയത്തിലേക്ക് പോയതുമുതൽ ഫയർ അലാറം ശബ്‌ദിക്കാൻ തുടങ്ങി. ഇതുകേട്ട് വിമാനത്തിലെ ജീവനക്കാർ ശൗചാലയത്തിന് അടുത്തേക്ക് ഓടിയെത്തി. അവിടെയെത്തിയപ്പോൾ കൈയ്യിൽ സിഗരറ്റുമായി നിൽക്കുന്ന രമാകാന്തിനെയാണ് കാണാനായത്. ഉടൻ തന്നെ ഞങ്ങൾ അയാളുടെ കയ്യിൽ നിന്ന് സിഗരറ്റ് പിടിച്ചുവാങ്ങി. ഇതിൽ പ്രകോപിതനായ രമാകാന്ത് ക്രൂ അംഗങ്ങളോട് ആക്രോശിക്കാൻ തുടങ്ങി.
പിന്നാലെ ഒരു വിധത്തിൽ ഞങ്ങൾ അയാളെ സീറ്റിലേക്ക് എത്തിച്ചു. എന്നാൽ കുറച്ച് സമയത്തിന് ശേഷം ഇയാൾ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് കണ്ട് യാത്രക്കാരെല്ലാം പേടിച്ച് നിലവിളിക്കാൻ തുടങ്ങി. ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും അയാൾ തയ്യാറാകാതെ ആക്രോശിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. പിന്നീട് കൈകളും കാലുകളും കെട്ടിയിട്ടാണ് സീറ്റിലേക്ക് ഇരുത്തിയത്' - വിമാന ജീവനക്കാർ പറഞ്ഞു.
'എന്നിട്ടും അടങ്ങിയിരിക്കാൻ കൂട്ടാക്കാതിരുന്ന ഇയാള്‍ സീറ്റിൽ തലയിട്ട് ഇടിക്കാൻ തുടങ്ങി. ഇതിനിടെ യാത്രക്കാരിൽ ഉണ്ടായിരുന്ന ഒരു ഡോക്‌ടർ വന്ന് രമാകാന്തിനെ പരിശോധിച്ചു. ഈ സമയത്ത് തന്‍റെ ബാഗിൽ ഏതാനും മരുന്നുകൾ ഉണ്ടെന്നും അവ എടുത്ത് തരണമെന്നും രമാകാന്ത് ആവശ്യപ്പെട്ടു. എന്നാൽ ബാഗ് പരിശോധിച്ചപ്പോൾ ഒരു ഇ- സിഗരറ്റ് മാത്രമാണ് കണ്ടെടുക്കാനായത്' - ജീവനക്കാർ കൂട്ടിച്ചേർത്തു.
തുടർന്ന് വിമാനം ലാൻഡ് ചെയ്‌ത ഉടനെ രമാകാന്തിനെ സഹാർ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ ഇന്ത്യൻ വംശജനാണെന്നും എന്നാൽ യുഎസ്‌എ പൗരനാണെന്നും അമേരിക്കൻ പാസ്‌പോർട്ട് കൈവശമുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി മദ്യ ലഹരിയിലാണോ വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയതെന്നറിയാൻ ഇയാളുടെ രക്ത സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതായും, പ്രതിക്ക് മാനസിക വിഭ്രാന്തി ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുമെന്നും പൊലീസ് അറിയിച്ചു.
മൂത്രമൊഴിക്കൽ വിവാദം : നേരത്തെ മാർച്ച് അഞ്ചിന് മദ്യ ലഹരിയിൽ വിമാനത്തിലുണ്ടായിരുന്ന സഹയാത്രികന് മേൽ മുത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കൻ എയർലൈൻസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാർച്ച് നാലിന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിനുള്ളിൽ യുഎസ് പൗരന്‍റെ പുറത്ത് മൂത്രമൊഴിച്ച 21കാരനായ ആര്യ വോറ എന്ന ഇന്ത്യൻ വിദ്യാർഥിക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം നവംബറിലും എയർ ഇന്ത്യ വിമാനത്തിന്‍റെ ബിസിനസ് ക്ലാസിൽ മദ്യ ലഹരിയിൽ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച സംഭവം ഉണ്ടായിരുന്നു. നവംബർ 26ന് എയർ ഇന്ത്യയുടെ ന്യൂയോർക്ക്- ന്യൂഡൽഹി വിമാനത്തിൽ എഴുപതുകാരിയായ സഹയാത്രികയുടെ മേൽ ശങ്കർ മിശ്ര എന്ന യാത്രക്കാരനാണ് മൂത്രമൊഴിച്ചത്. പിന്നാലെ ഡൽഹി പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.