വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ശിപാര്‍ശ. യുഎസ് കാപിറ്റോളിന് നേരെ കഴിഞ്ഞ വര്‍ഷം ഉണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തിയ കോണ്‍ഗ്രസ് കമ്മിറ്റിയുടേതാണ് ആവശ്യം. കലാപത്തിന് പ്രേരിപ്പിച്ചു, യുഎസ് സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തി, ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ നിയമനടപടിക്ക് വിധേയനാക്കണമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിനോട് ഹൗസ് പാനല്‍ ആവശ്യപ്പെട്ടത്.
രാജ്യത്തെ ഭരണഘടനയ്‌ക്ക് കീഴിലുള്ള സമാധാനപരമായ അധികാര കൈമാറ്റത്തെ തടസപ്പെടുത്താന്‍ മുന്‍ പ്രസിഡന്‍റ് ഉദ്ദേശിച്ചിരുന്നു എന്നതിന് സുപ്രധാന തെളിവുകളും അന്വേഷണ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ടെന്ന് വിശദീകരണങ്ങള്‍ക്കിടെ ഹൗസ് പാനല്‍ പ്രതിനിധി വ്യക്തമാക്കി. പാനല്‍ മീറ്റിങ്ങിനിടെ വിവരിച്ചതും ഹിയറിങ്ങിലൂടെ ശേഖരിച്ചതുമായ തെളിവുകള്‍ ട്രംപിനെതിരെ നിയനടപടി സ്വീകരിക്കാന്‍ ഉതകുന്നതാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പാനലില്‍ അഭിപ്രായം ഉയര്‍ന്നു. കാപിറ്റോള്‍ കലാപത്തില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ പങ്കിനെയും 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ അറ്റോര്‍ണി ജനറല്‍ നിയനിച്ച പ്രത്യേക കൗണ്‍സിലിലാണ് ഹൗസ് പാനല്‍ പ്രതിനിധികള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിലേക്കുള്ള റിപ്പോര്‍ട്ട് കൈമാറിയത്.
ക്രിമിനല്‍ കുറ്റം ചുമത്തുക എന്നത് പ്രതീകാത്മകമാണ്. അതുകൊണ്ട് തന്നെ ട്രംപിനെയോ മറ്റുള്ളവരെയോ പ്രോസിക്യൂട്ട് ചെയ്യണോ എന്നതില്‍ നീതിന്യായ വകുപ്പ് ആത്യന്തികമായി തീരുമാനമെടുക്കും. അതേ സമയം വിഷയത്തില്‍ നീതി കണ്ടെത്താന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സഹായിക്കുമെന്ന് ചെയര്‍മാന്‍ ബെന്നി തോംസണ്‍ ഡി മിസ് അഭിപ്രായപ്പെട്ടു.
അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കമ്മിറ്റിയില്‍ നടത്തിയ വോട്ടെടുപ്പ് 9-0ന് ആണ് അവസാനിച്ചത്. ഹിയറിങ് അവസാനിച്ചതോടെ 154 പേജുള്ള റിപ്പോര്‍ട്ടിന്‍റെ സംഗ്രഹവും പുറത്തുവന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ട്രംപ് 'ബഹുഭാഗ ഗൂഢാലോചന'യിൽ ഏർപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.