ലണ്ടന്‍ : ബ്രിട്ടീഷ് ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് (79) അന്തരിച്ചു (British Embryologist Ian Wilmut Passed Away). ക്ലോണിങ്ങിലൂടെ ലോകത്താദ്യമായി സസ്‌തനിയെ സൃഷ്‌ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞനാണ് ഇയാൻ. എഡിൻബർഗ് സർവകലാശാലയാണ് ഇയാന്‍റെ മരണ വിവരം പുറത്ത് വിട്ടത്. പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായിരുന്നു വില്‍മുട്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഡോളി എന്ന ചെമ്മരിയാടിന് (Finnish Dorset lamb named Dolly) ജന്മം നൽകുന്നത് 1996 ൽ ഇയാന്‍റെ നേതൃത്വത്തിലുള്ള സംഘം ക്ലോണിങ്ങിലൂടെ സ്കോട്ട്‌ലൻഡിലെ റോസ്‍ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബയോസയൻസിൽ വച്ചാണ് (first cloned a mammal). ഇതിനായി ആറുവയസുള്ള ചെമ്മരിയാടിൽനിന്നും ഭ്രൂണകോശങ്ങളെ വേർപെടുത്തുകയും അതേ കോശത്തെതന്നെ മറ്റൊരു ചെമ്മരിയാടിന്‍റെ ബീജസങ്കലനം നടക്കാത്ത അണ്ഡവുമായി സംയോജിപ്പിക്കുകയും ചെയ്‌തു. ഇത് 400 തവണ ആവർത്തിച്ചെങ്കിലും ഒരു ഭ്രൂണംമാത്രമേ അതിജീവിച്ചുള്ളൂ.
സ്വാഭാവിക പ്രത്യുത്പാദനപ്രക്രിയയിലൂടെയല്ലാതെ, തന്‍റെ പരീക്ഷണത്തിലൂടെ പൂർണവളർച്ചയെത്തിയ കോശങ്ങള്‍ ഉപയോഗിച്ച് ജീവിയുടെ തനിപ്പകർപ്പുണ്ടാക്കിയത് ജീവശാസ്ത്രലോകത്തിന് വിപ്ലവകരമായ ചുവടുവയ്പ്പായിരുന്നു. പിന്നീട് മൂലകോശങ്ങള്‍ ഉപയോഗിച്ചും വിൽമുട്ട് പരീക്ഷണം തുടർന്നു. എഡിൻബർഗ് സർവകലാശാലയിലെ സ്കോട്ടിഷ് സെന്‍റർ ഫോർ റീജനറേറ്റിവ് മെഡിസിൻ ചെയർമാനായിരുന്നു വിൽമുട്ട്.
ഇംഗ്ലണ്ടിലെ ഹാംപ്‌റ്റണ്‍ ലൂസിയില്‍ 1944 ജൂലൈ 7നായിരുന്നു വില്‍മുട്ടിന്‍റെ ജനനം. നേവി ഓഫിസറാകണമെന്നായിരുന്നു വില്‍മുട്ടിന്‍റെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്ന വര്‍ണാന്തത (Color Blindness) ആഗ്രഹിച്ച ജോലിക്ക് തടസമായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ ഒഴിവു ദിസങ്ങളില്‍ അദ്ദേഹം ഒരു ഫാമില്‍ സഹായത്തിനായി പോയിരുന്നു. അവിടെ നിന്നാണ് പിന്നീട് നോട്ടിങ്‌ഹാം സര്‍വകലാശാലയില്‍ നിന്ന് കൃഷിയില്‍ ബിരുദമെടുക്കുന്നതിന് പ്രേരണ ലഭിച്ചത്.
പിന്നീടാണ് അദ്ദേഹം അനിമല്‍ സയന്‍സ് പഠിക്കുന്നത്. 2005ലാണ് എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ അദ്ദേഹം എത്തുന്നത്. 2008 ല്‍ നൈറ്റ് ഹുഡ് പദവി ലഭിച്ചു. എഡിന്‍ബര്‍ഗ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പീറ്റര്‍ മത്തീസണ്‍ വില്‍മുട്ടിനെ ശാസ്‌ത്ര ലോകത്തെ ടൈറ്റന്‍ എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ അക്കാദമി ഓഫ് അച്ചീവ്‌മെന്‍റിന്‍റെ ഗോള്‍ഡന്‍ പ്ലേറ്റ് അവാര്‍ഡ് അടക്കം നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ഇവാന്‍ വില്‍മുട്ടിനെ തേടിയെത്തിയിട്ടുണ്ട്.
അതേസമയം വില്‍മുട്ടിന്‍റെ പ്രധാന കണ്ടുപിടിത്തമായ ഡോളി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ജൈവ ധാര്‍മികതയെ നിരാകരിക്കുന്നതാണ് കണ്ടുപിടിത്തം എന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. തുടര്‍ന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്നു ബില്‍ ക്ലിന്‍റണ്‍ മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നിരോധിക്കുകയുണ്ടായി.