ന്യൂയോര്‍ക്ക് : യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ച് വിട്ട് ബ്രിട്ടനും അമേരിക്കയും. ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് നടപടി. യെമനിലെ 12ലേറെ ഹൂതി വിമത കേന്ദ്രങ്ങളിലാണ് അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം അഴിച്ച് വിട്ടിരിക്കുന്നത് (Houthi centers in Yemen).
ചരക്കുകപ്പലുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേിരക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. നവംബര്‍ 19ന് ശേഷം 27 കപ്പലുകള്‍ക്കെതിരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയറും ഹൂതി ഭീകരര്‍ പിടിച്ചെടുത്തു. ചരക്കുകപ്പലുകള്‍ക്ക് നേരെ തൊമാഹ്വാക്ക് മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത് (US and Britain attacked Houthi centers in Yemen).
ലോജിസ്റ്റിക് ഹബ്ബുകള്‍, പ്രതിരോധ സംവിധാനങ്ങള്‍, ആയുധപ്പുരകള്‍ എന്നിവയാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിട്ടിരിക്കുന്നത്. ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അമേരിക്കയും ബ്രിട്ടനും ആദ്യമായാണ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇസ്രയേല്‍ യുദ്ധം ആരംഭിച്ച ശേഷമാണ് ഹൂതികള്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. ചെങ്കടലിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്നും കഴിഞ്ഞാഴ്‌ച ഇരുരാജ്യങ്ങളും ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു (US warning to Houthi).
മുന്നറിയിപ്പ് വന്നതോടെ കുറച്ച് ദിവസം ആക്രമണങ്ങള്‍ക്ക് ഹൂതികള്‍ ഇടവേള എടുത്തെങ്കിലും ചൊവ്വാഴ്‌ച ചെങ്കടലിലെ ചരക്കുകപ്പലുകള്‍ക്ക് നേരെ മിസൈലുകളും മറ്റും ഉപയോഗിച്ച് വലിയ തോതില്‍ ആക്രമണം അഴിച്ച് വിട്ടു. ബ്രിട്ടീഷ്, അമേരിക്കന്‍ സൈന്യം പതിനെട്ട് ഡ്രോണുകളാണ് വെടിവച്ചിട്ടത്. രണ്ട് ക്രൂയിസ് മിസൈലുകളും രണ്ട് കപ്പല്‍ വേധ മിസൈലുകളും സൈന്യം തകര്‍ക്കുകയും ചെയ്‌തു. ഇന്നലെ കപ്പല്‍ വേധ ബാലിസ്റ്റിക് മിസൈല്‍ ഏദന്‍ കടലിടുക്കില്‍ ചരക്കു കപ്പലിന് നേരെ തൊടുത്തെങ്കിലും കപ്പലില്‍ പതിച്ചില്ല.
ഇന്ത്യന്‍ തീരത്തും അടുത്തിടെ ഒരു കപ്പലിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ആരോപണങ്ങള്‍ നിഷേധിച്ച് ഇറാന്‍ രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു.
എം വി ചെംപ്ലൂട്ടോയാണ് പോര്‍ബന്തറിന് സമീപം അറബിക്കടലില്‍ ആക്രമിക്കപ്പെട്ടത്. മറ്റൊരു ഇന്ത്യന്‍ കപ്പലായ എം വി സായി ബാബ ചെങ്കടലില്‍ വച്ചും ആക്രമണത്തിന് ഇരയായിരുന്നു. ഈ ആക്രമണങ്ങളെ ഗൗരവമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കുകയുണ്ടായി. ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Also Read: 'ചരക്ക് കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണം; പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകും': രാജ്‌നാഥ് സിങ്