ലണ്ടൻ: അവിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം.
പാര്‍ലമെന്‍റില്‍ 359 എം.പി.മാരാണ് ജോണ്‍സന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരെ വിശ്വാസ വോട്ടിനു കത്തുനല്‍കുകയായിരുന്നു. വിശ്വാസം തെളിയിക്കാന്‍ കഴിയാതെവന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തിന് ഒഴിയേണ്ടിവരുമായിരുന്നു. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി പ്രധാനമന്ത്രിസ്ഥാനത്തു തുടരാം.
ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ചു മദ്യസത്കാരം (പാര്‍ട്ടി ഗേറ്റ് വിവാദം) നടന്നതായി സ്ഥിരീകരിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്‍റെ പൂർണ രൂപം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഛായ നഷ്ടമായ ജോൺസൺ രാജിവയ്ക്കണമെന്ന് ആവശ്യമുന്നയിക്കുന്ന എംപിമാരാണ് അവിശ്വാസത്തിന് നോട്ടിസ് നൽകിയത്. 15 ശതമാനത്തിലേറെ ഭരണകക്ഷി എംപിമാർ കത്തു നൽകിയതോടെയാണ് ഇന്നലെ(06.06.2022) അവിശ്വാസ വോട്ടെടുപ്പു നടന്നത്.
വിജയം സന്തോഷം നൽകുന്നുവെന്ന് ബോറിസ് പ്രതികരിച്ചു. ഈ വിജയം തങ്ങളെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്‌തരാക്കുമെന്നും, ഒരു സർക്കാർ എന്ന നിലയിൽ ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.