ലണ്ടൻ: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ അധിനിവേശത്തിന് മുൻപ് തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് പുടിൻ ഭീഷണിപ്പെടുത്തിയതായാണ് ബോറിസ് ജോൺസന്‍റെ വെളിപ്പെടുത്തൽ. 2022 ഫെബ്രുവരിയിലാണ് യുക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയത്.
യുക്രൈനിലേക്ക് റഷ്യൻ സൈന്യത്തെ അയക്കുന്നതിന് മുൻപ് ഒരു ഫോൺ കോളിലൂടെയാണ് തനിക്ക് ഭീഷണി സന്ദേശം വന്നതെന്നാണ് ബോറിസ് വ്യക്തമാക്കിയത്. 'പുടിൻ വേഴ്‌സസ് ദ വെസ്‌റ്റ്' എന്ന ബിബിസിയുടെ ഡോക്യുമെന്‍ററിയിലാണ് ബോറിസ് ജോൺസന്‍റെ വെളിപ്പെടുത്തൽ.
'ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ ആഗ്രഹമില്ല. എന്നാൽ ഒരു മിസൈൽ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ' എന്ന് ഫോൺ സംഭാഷണത്തിനിടെ പുടിൻ പറഞ്ഞതായാണ് ബോറിസ് ജോൺസൺ വെളിപ്പെടുത്തി. സൗമ്യമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചർച്ചക്ക് എത്തിക്കാനുള്ള എന്‍റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു.
2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതൽ യുക്രൈൻ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്‍ററിയിൽ പറയുന്നുണ്ട്. യുക്രൈന് നാറ്റോയിൽ അംഗത്വം കിട്ടാനുള്ള ഒരു സാധ്യതയുമില്ലെന്ന് പുട്ടിനോട് പറഞ്ഞതായും ബോറിസ് പറയുന്നു. യുക്രൈനു മേൽ ആക്രമണം നടത്തിയാൽ പുടിൻ ഉപരോധം നേരിടേണ്ടി വരുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബോറിസ് ഡോക്യുമെന്‍ററിയിൽ പറയുന്നുണ്ട്.