ഐഫോൺ 15 പ്രോ ഫോണുകൾക്കായി പുതിയ സോഫ്‌റ്റ് വെയർ പാച്ച് പ്രഖ്യാപിച്ച് ആപ്പിൾ. ഐഒഎസ് 17.0.3 (iOS 17.0.3) അപ്‌ഡേറ്റാണ് ആപ്പിൾ പുറത്തിറക്കുന്നത്. ആപ്പിൾ 15 പ്രോ (Apple iPhone 15 series) പുറത്തിറങ്ങിയതിന് പിന്നാലെ ഫോൺ ഉപയോഗിക്കുമ്പോൾ വേഗത്തിൽ ചൂടാകുന്നതായി (overheating) ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് ആപ്പിൾ പുതിയ സോഫ്‌റ്റ് വെയർ പാച്ച് പുറത്തിറക്കിയത് (Apple Releases New iOS 17 Update).
ഈ അപ്‌ഡേറ്റിലൂടെ നിലവിൽ ഫോണിലുള്ള ബഗ്ഗുകൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ടെക് ഭീമനായ ആപ്പിൾ അറിയിച്ചു. ഫോണുകൾ അമിതമായി ചൂടാകുന്നതിനെക്കുറിച്ചുള്ള പരാതികൾ ഉപയോക്താക്കൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എത്രമാത്രം ഉപയോക്താക്കളെ ഈ പ്രശ്‌നം ബാധിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഒഎസ് 17 ലെ ബഗ്ഗും ചില തേർഡ് പാർട്ടി ആപ്പുകളുടെ പതിപ്പുകളുമാകാം ഫോൺ ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ മുൻപ് പറഞ്ഞിരുന്നു.
എന്നാൽ ഐഒഎസ് 17.0.30 ഐഫോൺ 15 പ്രോയിൽ പ്രാവർത്തികമാക്കുന്നതോടെ ഉപയോക്താക്കൾക്ക് ഫോണുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനാകും. നിലവിൽ iOS 17, iPadOS 17 എന്നീ സോഫ്‌റ്റ് വെയറുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ് മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഐഒഎസ് 17.0.3, ഐപാഡ്ഒഎസ് 17.0.3 എന്നിവയുടെ 420 എംബി അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്‌താൽ മതി.
കഴിഞ്ഞ സെപ്‌റ്റംബറിലാണ് ആപ്പിൾ ഐഫോൺ 15 സീരീസ് പുറത്തിറക്കിയത്. ടൈറ്റാനിയത്തിൽ (titanium body) നിർമിതമായ പുതിയ സീരീസ് വിൽപന തുടങ്ങിയതിന് പിന്നാലെ പരാതികൾ ഉയര്‍ന്നിരുന്നു. ടൈറ്റാനിയം ഉപയോഗിച്ചതുകൊണ്ടാകാം ഫോൺ വേഗത്തിൽ ചൂടാകുന്നതെന്നായിരുന്നു ആദ്യത്തെ നിഗമനം.
പിന്നീട് എ17 പ്രോ (A17 Pro chip) ചിപ്പിന്‍റെ പ്രശ്‌നമാകാമെന്നും സംശയങ്ങൾ ഉയർന്നു. എന്നാൽ ഐഒഎസ് 17 ചിപ്പിലെ ബഗ്ഗാണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തി ആപ്പിൾ പ്രസ്‌താവന ഇറക്കുകയായിരുന്നു.
ഐഫോൺ 15 സീരീസിന്‍റെ പ്രത്യേകത : 48 എംപി പ്രധാന ക്യാമറയും 2x ടെലിഫോട്ടോ ഫീച്ചറും അടങ്ങുന്ന മികച്ച ക്യാമറ സംവിധാനവും യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് സൗകര്യവുമാണ് ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രത്യേകത. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് ഡൈനാമിക് ഐലന്‍ഡിൽ 12 മെഗാപിക്‌സൽ ട്രൂ ഡെപ്‌ത് ക്യാമറയാണ് ഒരുക്കിയിട്ടുള്ളത്.