ജറുസലേം : ഇസ്രയേൽ അധികൃതരുടെ റെയ്‌ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അൽ-ജസീറ മാധ്യമപ്രവർത്തകൻ വെടിയേറ്റുമരിച്ചു. പലസ്‌തീൻ റിപ്പോര്‍ട്ടര്‍ ഷിരീൻ അബു അക്‌ലഹ് ആണ് കൊല്ലപ്പെട്ടത്. അധിനിവേശ പട്ടണമായ ജെനിനിൽ ഇസ്രയേല്‍ നടത്തിയ റെയ്‌ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബുധനാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. അൽ-ഖുദ്‌സ് പത്രത്തിലെ ലേഖകന് പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേൽ വെടിവയ്‌പ്പിലാണ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതെന്ന് പലസ്‌തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യത്തില്‍ അബു അക്‌ലെഹ് പ്രസ് എന്ന് വ്യക്തമായി അടയാളപ്പെടുത്തിയ ഒരു നീല ഫ്ലാക്ക് ജാക്കറ്റ് ധരിച്ചിരിക്കുന്നത് കാണാം. ജെനിനിലെ റെയ്‌ഡിനിടെ ഏറ്റുമുട്ടല്‍ ഉണ്ടായെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വിശദീകരണം.
അൽ-ജസീറയുടെ കവറേജിനെ ഇസ്രയേലികൾ വളരെക്കാലമായി വിമർശിച്ചുവരികയാണ്. മറ്റൊരു അൽ-ജസീറ റിപ്പോര്‍ട്ടറായ ഗിവാര ബുദേരിയെ കഴിഞ്ഞ വർഷം ജറുസലേമിലെ ഒരു പ്രതിഷേധത്തിനിടെ തടവിലാക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. 1967-ലാണ് മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രയേൽ വെസ്റ്റ്ബാങ്ക് പട്ടണമായ ജെനിന്‍ പിടിച്ചെടുക്കുന്നത്.
ഏകദേശം 3 ദശലക്ഷം പലസ്‌തീനികൾ ഇസ്രയേൽ സൈനിക ഭരണത്തിൻ കീഴിലുള്ള ഈ പ്രദേശത്ത് താമസിക്കുന്നു. 500,000 ജൂത കുടിയേറ്റക്കാർ താമസിക്കുന്ന വെസ്റ്റ് ബാങ്കിന് കുറുകെ 130-ലധികം സെറ്റിൽമെന്‍റുകൾ ഇസ്രയേൽ നിർമിച്ചിട്ടുണ്ട്.