മെക്‌സിക്കോ : സെൻട്രൽ മെക്‌സിക്കോയിൽ പൊലീസും തോക്കുധാരികളും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അക്രമികളില്‍ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പൊലീസുകാര്‍ക്കും പരിക്കുണ്ടെന്നും എന്നാലത് ജീവന് ഭീഷണിയുള്ളതല്ലെന്നും മെക്‌സിക്കോ സ്റ്റേറ്റിലെ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
ചൊവ്വാഴ്ച മെക്‌സിക്കോ സിറ്റിയിൽ നിന്ന് 80 മൈൽ (130 കിലോമീറ്റർ) തെക്ക് പടിഞ്ഞാറ്, ടെക്‌സ്‌കാൽറ്റിറ്റ്‌ലാൻ പട്ടണത്തിലാണ് വെടിവയ്പ്പുണ്ടായത്. അക്രമികള്‍ വെടിയുതിർത്തതോടെ പൊലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് 20 റൈഫിളുകളും പിസ്റ്റളുകളും സൈനിക ശൈലിയിലുള്ള യൂണിഫോമുകളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും പിടിച്ചെടുത്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങളുടെ കൊലപാതകങ്ങളും കൊള്ളയടിയും പതിവായ പ്രദേശമാണിത്.