ഗസ: ഇസ്രയേലും ഗസയും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിൽ 52000 പലസ്തീനികൾ ഗസ മുനമ്പിൽ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആന്‍റ് വർക്ക്സ് ഏജൻസി(യുഎൻആർഡബ്ല്യുഎ) നടത്തുന്ന സ്കൂളുകളിൽ അഭയം തേടിയതായി യുഎൻ . കഴിഞ്ഞ ഒൻപത് ദിവസമായി കടുത്ത യുദ്ധമാണ് ഇസ്രയേലും പലസ്തീനുമായി നടക്കുന്നത്.
ഏറ്റുമുട്ടൽ ആരംഭിച്ചതുമുതൽ പലസ്തീൻ തീരപ്രദേശത്തെ 448 നിർമാണങ്ങൾ പൂർണമായോ ഭാഗികമായോ ഇസ്രയേൽ തകർത്തതായി യുഎൻ ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ്(ഒസിഎച്ച്എ) അറിയിച്ചു. ഭാഗികമായി തകർന്ന 316 കെട്ടിടങ്ങളിൽ ആറ് ആശുപത്രികളും ഒമ്പത് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
ഒൻപത് ദിവസത്തിനിടെ 1615 വ്യോമാക്രമണങ്ങൾ ഇസ്രയേൽ ഗസയിൽ നടത്തിയതായി ഗസയിലെ സർക്കാർ പ്രസ് ഓഫിസ് അറിയിച്ചു.
ഹമാസിന്‍റെ ഭൂഗർഭ തുരങ്കങ്ങൾ തകർക്കാൻ 60 യുദ്ധവിമാനങ്ങൾ അയച്ചതായും ചൊവ്വാഴ്ച പുലർച്ചെ 100ലധികം മിസൈലുകൾ പ്രയോഗിച്ചതായും ഹമാസ് പ്രയോഗിച്ച 100 മിസൈലുകളിൽ 70 എണ്ണം തടഞ്ഞതായും ഇസ്രയേൽ പുറത്തിറക്കിയ സൈനിക പ്രസ്താവനയിൽ പറയുന്നു.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 61 കുട്ടികളും 36 സ്ത്രീകളുമടക്കം 213 പലസ്തീനികൾ കൊല്ലപ്പെടുകയും 1,442 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു.