റോം: കൊവിഡ്-19 ബാധ രൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യസംഘടനയുടെയും യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ കൺട്രോളിന്‍റെയും വിദഗ്‌ധ സംഘം ഇറ്റലിയിലെത്തി. വൈറസ് ബാധയിൽ ആറ് പേർ മരിക്കുകയും 220ഓളം പേർക്ക് അണുബാധയേൽക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് സംഘം ഇറ്റലിയിലെത്തിയത്.
ചികിത്സ ലഭ്യമാക്കൽ, അണുബാധ തടയൽ, രോഗ നിയന്ത്രണം, നിരീക്ഷണം എന്നിവ കൂടുതൽ പ്രവർത്തനക്ഷമമാക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് ദിവസമായി ഇറ്റലിയുടെ വടക്കൻ മേഖലകളായ ലോംബാർഡി, വെനെറ്റ് എന്നിവിടങ്ങളിൽ രോഗം വ്യാപകമായി പടരുകയാണ്. ഈ സാഹചര്യത്തിൽ ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാറുകൾ എന്നിവ അടക്കുകയും കായിക പരിപാടികൾ ഉൾപ്പെടെ റദ്ദാക്കുകയും ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത്തരം നടപടികൾ ലോകത്താകമാനം വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർത്തു.
കൊവിഡ്-19 വളരെ ആശങ്കാജനകമായ ഒരു രോഗമാണെന്നും വൈറസിനെ പ്രതിരോധിക്കുന്നതിനായി കഠിനമായി പരിശ്രമങ്ങളാണ് നടത്തുന്നതെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് മേധാവി ഹാൻസ് ക്ലൂഗ് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനും കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള ശ്രമങ്ങളിലും ഇറ്റലി സർക്കാരിനൊപ്പം നിലകൊളളുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.