ലണ്ടൻ: വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തിൽ ലണ്ടനിൽ കുടുങ്ങിക്കിടക്കുന്ന 1,200 ഓളം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 18 മുതൽ ജൂൺ 23 വരെയാണ് സർവീസ് നടത്തുക. ചില സാങ്കേതിക തടസ്സങ്ങൾ കണക്കിലെടുത്ത് ജൂൺ 18, 20 തീയതികളിൽ ഡല്‍ഹിയിലേക്കും ജൂൺ 21 ന് മുംബൈയിലേക്കും സർവീസ് ഉണ്ടാവില്ലെന്ന് യുകെയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിമാനത്തിൽ 243 യാത്രക്കാരിൽ കൂടുതൽ പേരെ അനുവദിക്കില്ല.
യുഎസിലും കാനഡയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തിൽ 70 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ദുബായ്, കുവൈറ്റ്, അബുദാബി, മസ്കറ്റ്, ബഹ്‌റൈൻ, സലാല, മോസ്കോ, കീവ്, മാഡ്രിഡ്, ടോക്കിയോ എന്നിവിടങ്ങളിൽ നിന്ന് 3,891 പേർ എയർ ഇന്ത്യ വഴി ഇന്ത്യയിലെത്തി. ധാക്ക, ബിഷ്കെക്, അൽമാറ്റി, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ കുടുങ്ങിയ 50,000 ത്തിലധികം ആളുകളെ ഇന്ത്യയിലെത്തിച്ചു. ജൂൺ 13 നകം ഒരു ലക്ഷം പേരെ കൂടി ഒഴിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മെയ് ആറ് മുതൽ മിഷൻ വന്ദേ ഭാരതിന് കീഴിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലൂടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 57,000 പേരെ ഇന്ത്യയിലെത്തിച്ചു.