കീവ്: റഷ്യയുടെ യുക്രൈൻ അധിനിവേശം 13-ാം ദിവസമാകുമ്പോഴും താൻ ഇപ്പോഴും കീവിൽ തന്നെയാണെന്നും നാടുവിട്ടിട്ടില്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്‌കി. തിങ്കളാഴ്‌ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് സെലെൻസ്‌കി താൻ കീവിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കിയത്. കീവിന്‍റെ ഹൃദയഭാഗത്തുള്ള ബാങ്കോവ തെരുവിലെ തന്‍റെ ഓഫിസിൽ നിന്ന് നഗരത്തിലെ കാഴ്‌ചകൾ സെലെൻസ്‌കി വീഡിയോയിൽ കാണിച്ചു.
റഷ്യയും യുക്രൈനും തമ്മിലുള്ള മൂന്നാം ഘട്ട ചർച്ച പരാജയപ്പെട്ടതിന് ശേഷമാണ് സെലെൻസ്‌കിയുടെ വീഡിയോ സന്ദേശം വന്നത്. തനിക്ക് ആരെയും പേടിയില്ലെന്നും ബാങ്കോവ തെരുവിൽ തന്നെയുണ്ടെന്നും വീഡിയോ സന്ദേശത്തിൽ സെലെൻസ്‌കി വ്യക്തമാക്കി.
മൂന്നാം ഘട്ട ചർച്ചയിൽ രാഷ്ട്രീയ, സൈനിക വശങ്ങളിൽ രാജ്യങ്ങളും ചർച്ചകൾ തുടർന്നെങ്കിലും ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയില്ല. കരാറുകൾ ഉൾപ്പെടെ കുറേ രേഖകൾ റഷ്യൻ പക്ഷം കൊണ്ടുവന്നെങ്കിലും യുക്രൈൻ ഉദ്യോഗസ്ഥർ ഒപ്പിടാൻ തയാറായില്ല. വിശദമായ പഠനത്തിനായി രേഖകൾ യുക്രൈൻ ഉദ്യോഗസ്ഥർ കീവിലേക്ക് കൊണ്ടുപോയതായി മോസ്കോയുടെ പ്രതിനിധി സംഘത്തിന്‍റെ തലവൻ വ്ലാദ്മിർ മെഡിൻസ്‌കി പറഞ്ഞു.
Also Read: യുക്രൈനിൽ അഞ്ചിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ