കീവ്: റഷ്യൻ സൈന്യത്തിന് കീഴിലുള്ള ചെർണോബിൽ ആണവനിലയത്തിൽ വൈദ്യുതി വിഛേദിക്കപ്പെട്ടതിന് പിന്നാലെ ആണവ നിലയവുമായുള്ള എല്ലാ ആശയ വിനിമയങ്ങളും നഷ്‌ടപ്പെട്ടതായി അന്താരാഷ്‌ട്ര ആണവോർജ ഏജൻസി(ഐഎഇഎ) അറിയിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും എന്നാൽ അതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.
വൈദ്യുതി ബന്ധം നിലച്ചതിനാൽ റേഡിയേഷൻ നിരീക്ഷണം, വെന്‍റിലേഷൻ സംവിധാനങ്ങൾ, തുടങ്ങി നിലയവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അറിയാൻ കഴിയുന്നില്ലെന്നും ഐഎഇഎ അറിയിച്ചു. നേരത്തെ ചെർണോബിൽ ആണവനിലയത്തിൽ വൈദ്യുതി നൽകുന്ന എമർജൻസി ഡീസൽ ജനറേറ്ററുകളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതായി യുക്രൈൻ അധികൃതർ ഐഎഇഎക്ക് റിപ്പോർട്ട് നൽകിയിരുന്നു.
വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടാലും ചെർണോബിലിലെ ജീവനക്കാർക്ക് ഇന്ധന പൂളിലെ ജലനിരപ്പും താപനിലയും നിരീക്ഷിക്കാൻ സാധ്യമാകും. എന്നാൽ അറ്റകുറ്റപ്പണിക്ക് ആവശ്യമായവ ഉപകരണങ്ങൾ എത്തിക്കാനോ, വിദഗ്‌ധരായ ഉദ്യോഗസ്ഥരെ എത്തിക്കാനോ ഇപ്പോഴത്തെ സാഹചര്യത്തിൽ യുക്രൈന് സാധിക്കുന്നില്ലെന്നും ഐഎഇഎ ട്വീറ്റ് ചെയ്‌തു.
ALSO READ: റഷ്യ യുക്രൈനില്‍ രാസായുധം പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക
രണ്ട് ദിവസം മുന്നേയാണ് ചെർണോബിൽ ആണവകേന്ദ്രത്തിലെ വൈദ്യുതി ബന്ധം നിലച്ചത്. ഇതോടെ നിലയത്തില്‍ ശേഖരിച്ചിട്ടുള്ള ആണവ ഇന്ധനം തണുപ്പിക്കാനാകുന്നില്ലെന്നും ഇത് റേഡിയോ ആക്റ്റീവ് വികിരണത്തിന് കാരണമാകുമെന്നും യുക്രൈൻ ആണവോര്‍ജ കമ്പനിയായ എനര്‍ജോആറ്റം അറിയിച്ചിരുന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുക്രൈൻ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.