ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള യുകെ സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ പിഎന്‍ബി തട്ടിപ്പ് കേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദി നല്‍കിയ അപേക്ഷ യുകെ ഹൈക്കോടതി തള്ളി.
പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ നീരവ് മോദിയെ വിട്ട് നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
2019 മാർച്ചിൽ ലണ്ടനില്‍ അറസ്റ്റിലായ മോദിയെ സൗത്ത് ലണ്ടനിലെ വാന്‍ഡ്‌സ്‌വർത്ത് ജയിലിൽ പാര്‍പ്പിച്ചിരിക്കുകയാണ്. നീരവ് മോദി കുറ്റക്കാരനാണെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 25 ന് വിധിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു.
Read more: ഇന്ത്യയിലേക്ക് നാടുകടത്തരുത് ; നീരവ് മോദിയുടെ ഹര്‍ജി യുകെ കോടതിയില്‍
തുടര്‍ന്ന് 2021 ഏപ്രിൽ 15 ന് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്‌ത് മോദി യുകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നീരവ് മോദിയും കൂട്ടാളികളും കൂടി പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും നീരവിനെതിരെ കേസുണ്ട്.