കാന്‍ബെറ: ഓസ്ട്രേലിയയിലെ മെൽബണില്‍ ലോറി പൊലീസ് വാഹനത്തിലിടിച്ച് നാല് പൊലീസുകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം വാഹന പരിശോധനക്കിടെയാണ് അപകടം.
ഒരു വനിതാ പൊലീസുൾപ്പടെ നാല് പൊലീസുകാരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ലോറി പൊലീസ് കാറിന്‍റെ പിന്നിലിടിച്ച ശേഷം പൊലീസ് വാഹനം സമീപത്തുണ്ടായിരുന്ന പോർഷെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാല് പൊലീസുകാരും സംഭവസ്ഥലത്ത് മരിക്കുകയും അബോധാവസ്ഥയിലായ ലോറി ഡ്രൈവറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ക്രിമിനൽ പശ്ചാത്തലമുള്ള പോർഷെ 911 കാറിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത്, ചോദ്യം ചെയ്യുന്നതിനായി റോഡിന്‍റെ ഒരു വശത്തേക്ക് മാറ്റി നിർത്തിയതിനാൽ ഇയാൾക്ക് അപകടമുണ്ടായില്ല. അമിതവേഗതയിൽ വന്നതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അപകടം നേരിട്ടു കണ്ട പോർഷെ ഡ്രൈവർ അത് ഫോണിൽ പകർത്തി ഓൺലൈനിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി പിന്നീടുള്ള പരിശോധനയിൽ തെളിഞ്ഞു. നാല് പൊലീസുകാരുടെ ജീവനെടുത്ത അപകടം ആസൂത്രിതമാണോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്