ജനീവ : മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ കൈകളുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന പ്രത്യേക അന്വേഷക ആഗ്നസ് കലമാഡിന്‍റെ പുതിയ റിപ്പോർട്ട്. ഇസ്‌തംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് യുഎൻ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് മുൻകയ്യെടുത്തുള്ള രാജ്യാന്തര അന്വേഷണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം വേണമെന്നത് ശരിവെക്കും വിധം മുഹമ്മദ് ബിൻ സൽമാന്‍റെ പങ്ക് വ്യക്തമാണെന്ന് കലമാഡ് ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ബിൻ സൽമാന്‍റെ സ്വാധീനശക്തിയെക്കുറിച്ച് നന്നായി അറിയാമായിരുന്നെന്നും അദ്ദേഹത്തെ അതിരൂക്ഷമായി വിമർശിച്ചിട്ടുള്ള ഖഷോഗി ഭയപ്പെട്ടിരുന്നെന്നുമുള്ളതിന് തെളിവുകൾ ലഭിച്ചതായും പറയുന്നു.
സൗദി കോൺസുലേറ്റിൽ നടന്ന കൊലപാതകത്തിന്‍റെ വീഡിയോ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. ഖഷോഗി വധക്കേസിൽ മനുഷ്യാവകാശങ്ങളില്‍ ഊന്നിയുള്ള സ്വതന്ത്ര അന്വേഷണം നടത്താനാണ് ആഗ്നസ് കലമാഡിനെയും സംഘത്തെയും നിയോഗിച്ചത്. യുഎന്നിനെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യാതെ, സ്വതന്ത്രനിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. ഖഷോഗി കേസ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിൻ സൽമാന്‍റെ പങ്ക് നിഷേധിച്ചിരുന്നു. കൊല നടത്തിയതിന് കസ്‌റ്റഡിയിലുളള 12 പേരടങ്ങിയ സംഘത്തിൽ 5 പേർക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ സൗദി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൗദിയിലെ വിചാരണ സുതാര്യമല്ലെന്നും ഖഷോഗിയെ കൊലപ്പെടുത്താൻ നിയോഗിച്ച 15 അംഗ സംഘത്തിൽ 11 പേരുടെ വിവരം കുറ്റപത്രത്തിൽ ഇല്ലെന്നും ആഗ്നസ് പറയുന്നു.