മോസ്കോ: റഷ്യൻ നിർമിത വാക്‌സിനായ സ്‌പുട്‌നിക് വി രാജ്യത്തെ കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി ബ്രസീൽ. കൊവിഡ് പ്രതിരോധത്തിനായി റഷ്യയുടെ വാക്‌സിൻ തെരഞ്ഞെടുക്കുന്ന 67-ാമത്തെ രാജ്യമാണ് ബ്രസീൽ എന്ന് റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മെന്‍റ് ഫണ്ട് (ആർഡിഐഎഫ്) അറിയിച്ചു. തെക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം കൂടിയായ ബ്രസീലിലെ നിരവധി സംസ്ഥാനങ്ങളിൽ സ്‌പുട്‌നിക് വി അംഗീകരിച്ചതായി ബ്രസീൽ ദേശീയ ആരോഗ്യ ഏജൻസി (അൻവിസ) ഔദ്യോഗികമായി അറിയിച്ചു.
സർക്കാർ റെഗുലേറ്റർമാർ നൽകുന്ന അംഗീകാരങ്ങളുടെ എണ്ണത്തിൽ ആഗോളതലത്തിൽ കൊറോണ വൈറസിനെതിരായ വാക്‌സിനുകളിൽ സ്‌പുട്‌നിക് വി രണ്ടാം സ്ഥാനത്താണ്. റഷ്യൻ ആരോഗ്യ മന്ത്രാലയം നൽകിയ സാങ്കേതിക റിപ്പോർട്ട് അൻവിസ പരിഗണിച്ചതിന് ശേഷമാണ് ബ്രസീലിയൻ രാജ്യങ്ങളിൽ വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി ലഭിച്ചത്. വ്യാപന ശേഷിയുള്ള അഡെനോവൈറൽ വെക്‌ടറുകൾ (ആർസിഎ) കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന അധിക വിവരങ്ങൾ റഷ്യ അൻവിസയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളിൽ സ്‌പുട്‌നിക് വി കൊവിഡ് രോഗികളിൽ ഉപയോഗിച്ചതിലൂടെ ഉയർന്ന ഫലപ്രാപ്‌തിയും സുരക്ഷയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ നവാക്‌സിൻ നിർമാതാക്കൾ നൽകുന്ന വിവരമനുസരിച്ച് സ്‌പുട്‌നിക് വിയുടെ ഫലപ്രാപ്‌തി 97.6 ശതമാനമാണ്. ഈ വാക്‌സിൻ ഉപയോഗിച്ചവരിൽ അലർജി പോലുള്ള രോഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ കൊവിഡ് രോഗികളിൽ സ്‌പുട്‌നിക് വി തികച്ചും സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
Also Read: സ്‌പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിൽ നിർമിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി