മോസ്കോ: ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് തനിക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 23നാണ് പുടിൻ ആദ്യത്തെ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. റഷ്യയിൽ കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞാണ് പുടിൻ വാക്‌സിൻ സ്വീകരിച്ചത്. ചില വിമർശകർ ഇതിലൂടെ വാക്‌സിന്‍റെ ഫലപ്രപ്തിയെകുറിച്ച് പൊതുജനങ്ങൾക്ക് സംശയം ഉള്ളതായി വാദം ഉന്നയിച്ചിരുന്നു. നിലവിൽ റഷ്യയിൽ ഉപയോഗിക്കാൻ അനുവദിച്ച മൂന്ന് വാക്‌സിനുകളിൽ ഏതാണ് പ്രസിഡന്‍റിന് ഉപയോഗിച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആഭ്യന്തരമായി സ്‌പുട്‌നിക് വി, എപിവാക് കൊറോണ, കോവിവാക് എന്നീ വികസിപ്പിച്ച മൂന്ന് കൊവിഡ് വാക്‌സിനുകൾക്ക് റഷ്യൻ അധികൃതർ റെഗുലേറ്ററി അംഗീകാരം നൽകിയിട്ടുണ്ട്. വിപുലമായ ട്രയലുകൾ പൂർത്തിയാക്കുന്നതിന് മുമ്പാണ് ഇവയ്‌ക്ക് അംഗീകാരം ലഭിച്ചതെന്നും, പ്രോട്ടോക്കോൾ അനുസരിച്ച് അവയുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ദ്ധർ പറയുന്നു.
എന്നാൽ സ്‌പുട്‌നിക് വി 91% ഫലപ്രദമാണെന്നും കുത്തിവയ്പ്പ് നടത്തിയ വ്യക്തികൾക്ക് രോഗം വരുന്നത് തടയുന്നതായി കാണപ്പെടുന്നതായും ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. എന്നിരുന്നാലും വാക്‌സിനിലൂടെ കൊവിഡ് വ്യാപനം തടയാൻ കഴിയുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. മറ്റ് രണ്ട് വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.