കീവ്: രാജ്യത്തിന്‍റെ മധ്യ, തെക്കുകിഴക്കൻ മേഖലയിലെ പ്രധാന നഗരങ്ങൾ തങ്ങളുടെ സേനയുടെ കൈവശം തന്നെയാണെന്ന അവകാശവാദവുമായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലൻസ്‌കി. ഖാർകീവ്, നിക്കോളേവ്, ചെര്‍ണിവ്, സുമി എന്നീ നഗരങ്ങള്‍ റഷ്യന്‍ സേന വളഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് സെലന്‍സ്‌കി രംഗത്തെത്തിയത്.
ALSO READ | നോ ഫ്ലൈ സോണ്‍ പ്രഖ്യാപിച്ചാൽ നാറ്റോ- റഷ്യൻ യുദ്ധം ; മുന്നറിയിപ്പുമായി പുടിൻ
ദുഃസ്വപനത്തില്‍ പോലും ഉണ്ടാകാത്തത്ര വലിയ നഷ്‌ടമാണ് തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്. യുദ്ധത്തിന്‍റെ 10 ദിവസത്തിനുള്ളിൽ 10,000 റഷ്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. എന്തിനുവേണ്ടിയാണ് പോരാടാൻ പോകുന്നതെന്ന് പോലും അറിയാത്ത 18, 20 വയസുള്ള ആൺകുട്ടികളെയാണ് യുദ്ധത്തിനായി റഷ്യ അയക്കുന്നതെന്നും വ്ളാഡിമർ സെലൻസ്‌കി ശനിയാഴ്‌ച പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
എന്നാല്‍, 10,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന സെലന്‍സ്‌കിയുടെ വാദം സ്ഥിരീകരിക്കാന്‍ പുടിന്‍ ഭരണകൂടം തയ്യാറായില്ല. ഏകദേശം 500 സൈനികര്‍ മരിച്ചെന്ന് ബുധനാഴ്ച റഷ്യ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അതേസമയം, റഷ്യൻ സൈനിക വിമാനം ആകാശത്ത് നിന്ന് തകർന്നുവീഴുന്ന ദൃശ്യം യുക്രൈന്‍ സർക്കാർ ശനിയാഴ്‌ച പുറത്തുവിട്ടു. രംഗംകണ്ട് സമീപത്ത് ആളുകള്‍ സന്തോഷിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.