കൈവ്: ഉക്രെയ്‌ൻ അതിർത്തിയിൽ റഷ്യ, സൈനിക വിന്യാസം വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ പൗരന്മാരോട് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. ഉക്രെയ്‌നിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളെക്കുറിച്ച് അറിയാന്‍ തങ്ങളുടെ വെബ്‌സൈറ്റ് തുടർച്ചയായി പിന്തുടരണമെന്നും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
ഇന്ത്യൻ പൗരന്മാരെ ഫലപ്രദമായി ഏകോപിപ്പിക്കാനും വിവരങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കാനും വേണ്ടിയാണ് എംബസി ശ്രമിക്കുന്നത്. നിലവിൽ ഉക്രെയ്‌നിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോമില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇന്ത്യയിൽ നിന്നും ഓൺലൈൻ വഴി വിദ്യാഭ്യാസം തുടരുന്നവര്‍ ഫോം പൂരിപ്പിക്കരുതെന്നും എംബസി പ്രസ്‌താവനയിലൂടെ അറിയിച്ചു.
ALSO READ: നാസയുടെ ജെയിംസ് വെബ് ലക്ഷ്യസ്ഥാനത്ത്; ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലം
കൂടുതൽ അപ്‌ഡേറ്റുകൾക്കായി എംബസിയുടെ വെബ്‌സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ പിന്തുടരണമെന്നും എംബസി ഔദ്യോഗികമായി അറിയിച്ചു. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നത് റഷ്യയുടെ അധിനിവേശത്തിനുള്ള ശ്രമമാണെന്ന് ഉക്രെയ്‌നും അമേരിക്കയും ആരോപിച്ചിരുന്നു. അതേസമയം, റഷ്യ ഇക്കാര്യം നിഷേധിയ്‌ക്കുകയുണ്ടായി.
ഒരു രാജ്യത്തെയും ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സേനയെയും പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് നാറ്റോ.