ലണ്ടന്‍: ബ്രിട്ടീഷ് പാർലമെന്‍റ് പിരിച്ചുവിടാനുളള പ്രധാനമന്ത്രി ബോറിസ് ജോൺസൻ സർക്കാരിന്‍റെ ശുപാർശ എലിസബത്ത് രാജ്ഞി അംഗീകരിച്ചു. ബ്രെക്സിറ്റ് നടപ്പാക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെയാണ് സെപ്റ്റംബർ 10മുതൽ ഒക്ടോബർ 14വരെ ബ്രിട്ടീഷ് പാർലമെന്‍റ് സസ്പെന്‍റ് ചെയ്തത്.
ഒക്ടോബർ 31നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്. ഇനി ഒക്ടോബർ 14-നാണ് പാർലമെന്‍റ് സമ്മേളനം ആരംഭിക്കുക . ഇതോടെ ബ്രെക്സിറ്റ് ചർച്ചകൾക്കായി എം.പി.മാർക്ക് രണ്ടാഴ്ച സമയം മാത്രമേ ലഭിക്കൂ. ഇത് തന്നെയാണ് ബോറിസ് ജോൺസൻ സർക്കാർ ലക്ഷ്യമിടുന്നതും. കരാറില്ലാത്ത ബ്രെക്‌സിറ്റ് തടുക്കാനുളള എംപിമാരുടെ നീക്കം തടയുന്നതിന്‍റെ ഭാഗമായാണ് പാർലമെന്‍റ് സസ്പെന്‍റ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ നീക്കം അംഗീകരിക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെർമി കോർബൈൻ ആരോപിച്ചു. രാജ്ഞിയും സ്പീക്കറുമായി ചർച്ച നടത്താനും ജെർമി കോർബൈൻ അനുമതി തേടിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് പാർലമെന്‍റിന് മുന്നിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി കള്ളക്കളികളാണ് നടത്തുന്നത് എന്നും അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.