ന്യൂഡൽഹി : യുക്രൈന് മുകളിൽ നോ ഫ്ലൈ സോണ്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയാൽ അത് നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമാറുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. ഇത്തരത്തിലുള്ള ഏത് നീക്കവും തങ്ങൾക്ക് ഭീഷണിയാകുന്ന ഇടപെടലായി റഷ്യ കാണുമെന്നും അതിന് കാരണക്കാരായ ഏത് രാജ്യങ്ങളായാലും സൈനിക നടപടിക്ക് വിധേയമാക്കുമെന്നും പുടിൻ താക്കീത് നൽകി.
നേരത്തെ യുക്രൈന് മേൽ നോ ഫ്ലൈയിങ് സോണ്‍ നടപ്പാക്കണമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്‌കി ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുക്രൈന്‍റെ ഈ ആവശ്യം നാറ്റോ നിരസിച്ചു. നോ-ഫ്‌ളൈ സോണ്‍ ഏർപ്പെടുത്തുന്നത് റഷ്യയുമായി യൂറോപ്പിൽ വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്നും നാറ്റോ നിരീക്ഷിച്ചു.
യുക്രൈനിന് മുകളിലൂടെ നാറ്റോ വിമാനങ്ങൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്നും യുക്രൈനിലേക്ക് കരമാർഗമോ, വ്യോമമാർഗമോ നീങ്ങാൻ പോകുന്നില്ലെന്നും നാറ്റോ അറിയിച്ചിരുന്നു. നോ ഫ്ലൈ സോണ്‍ നടപ്പിലാക്കിയാൽ യൂറോപ്പിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സമ്പൂർണ യുദ്ധത്തിൽ അത് ചെന്ന് അവസാനിക്കുമെന്നും നാറ്റോ വിശദീകരിച്ചു.
ALSO READ: Operation Ganga | ഞായറാഴ്‌ച 11 വിമാനങ്ങള്‍ ; 2,200ലേറെ പേരെത്തും
യുക്രൈനിലെ സംഘർഷത്തിലേക്ക് കടക്കാൻ പദ്ധതിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞിരുന്നു. ഈ യുദ്ധം യുക്രൈനപ്പുറം വ്യാപിക്കുന്നില്ലെന്നും, കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തില്ലെന്നും ഉറപ്പിക്കേണ്ട ഉത്തരവാദിത്തം നാറ്റോയ്‌ക്കുണ്ടെന്നും സ്റ്റോൾട്ടൻബെർഗ് കൂട്ടിച്ചേർത്തു.