ജനീവ: ഒമിക്രോൺ വ്യാപനം ലോകത്താകമാനം കുതിച്ചുയരുന്നുണ്ടെങ്കിലും മരണനിരക്ക് മാറ്റമില്ലാതെ തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഒമിക്രോൺ കേസുകളിലെ ഈ വൻ കുതിച്ചുചാട്ടം പല രാജ്യങ്ങളിലും ഇതിനോടകം ഡെൽറ്റ വകഭേദത്തെ മറികടന്നതായും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള 15 ദശലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്‌ച ലോകാരോഗ്യ സംഘടനയ്ക്ക് മുമ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവ ഔദ്യോഗിക കണക്കുകളാണെങ്കിലും, യഥാർത്ഥ കൊവിഡ് കണക്കുകൾ വളരെ ഉയർന്നതായിരിക്കാം. ഒമിക്രോൺ വ്യാപനം അധികരിക്കുന്നതാണ് ഈ വലിയ കുതിച്ചുചാട്ടത്തിന് പിന്നിലെന്നും ടെഡ്രോസ് ബുധനാഴ്‌ച പത്രസമ്മേളനത്തിൽ പറഞ്ഞു.
ALSO READ:സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗബാധിതർ 480 ആയി
അതേസമയം പ്രതിവാരം ശരാശരി 48000 എന്ന കണക്കിൽ, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ മാറ്റമില്ലാതെ തന്നെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോണിന്‍റെ കാഠിന്യം കുറയുന്നതോ അല്ലെങ്കിൽ വാക്സിനേഷനിൽ നിന്നോ മുമ്പത്തെ അണുബാധയിൽ നിന്നോ ഉള്ള വ്യാപകമായ പ്രതിരോധശേഷിയോ ആകാം ഇതിന് കാരണം. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവരിൽ ഒമിക്രോൺ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിവാരം 50000 മരണസംഖ്യ എന്നത് വളരെ കൂടുതലാണ്. ഈ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുക എന്നതിനർത്ഥം ഇത്രയും ഉയർന്ന മരണസംഖ്യയെ അംഗീകരിക്കുക എന്നല്ല. ആഫ്രിക്കയിൽ 85 ശതമാനത്തിലധികം ആളുകൾ ഇനിയും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഇത്തരത്തിൽ വാക്സിൻ സ്വീകരിക്കാതെ തുടരുന്ന സാഹചര്യത്തിൽ വൈറസിന് ഒരു 'സൗജന്യ സവാരി' അനുവദിച്ച് നൽകാനാവില്ലെന്നും ടെഡ്രോസ് വ്യക്തമാക്കി.
ലോകത്താകമാനമുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിക്കാത്തവരാണ്. വാക്സിനേഷനിലൂടെ കൊവിഡ് വ്യാപനം പൂർണമായും തടയാനാകില്ലെങ്കിലും രോഗബാധയും മരണവും തടയുന്നതിൽ ഒരു പരിധിവരെ ഫലപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.