മോസ്കോ: 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ നിന്ന് കൊവിഡ് വാക്‌സിനേഷനായുള്ള അപേക്ഷ സ്വീകരിക്കാൻ റഷ്യൻ തലസ്ഥാനമായ മോസ്കോ തീരുമാനിച്ചു. ഡിസംബർ 28 മുതലാണ് അപേക്ഷ സ്വീകരിക്കുക. മേയർ സെർജി സോബിയാനിൻ ഇതു സംബന്ധിച്ച ഉത്തരവിറക്കി. 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് സ്പുട്‌നിക് 5 വാക്‌സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചതായി റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ ശനിയാഴ്ച പറഞ്ഞിരുന്നു.
"പ്രായമായ പൗരന്മാർക്ക് സ്പുട്നിക് 5 കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ റഷ്യൻ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. അത് വളരെ മികച്ചതാണ്. കാരണം, പ്രായമായവരാണ് ഏറ്റവും വലിയ അപകടസാധ്യതയുള്ളവർ, രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. തിങ്കളാഴ്ച മുതൽ പ്രതിരോധ കുത്തിവയ്പ്പിനുള്ള അപേക്ഷകൾ ഞങ്ങൾ സ്വീകരിച്ചു തുടങ്ങും. ”മേയർ സെർജി സോബിയാനിൻ പറഞ്ഞു.