ലണ്ടൻ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനെ സംബന്ധിച്ച് ചർച്ച നടത്തി. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ദീർഘകാല സഖ്യം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ഫോണിൽ സംസാരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ജോ ബൈഡനുമായി സംസാരിച്ച ആദ്യത്തെ യൂറോപ്യൻ നേതാവാണ് ബോറിസ് ജോൺസൺ.
പ്രസിഡന്‍റ് ജോ ബൈഡനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫോൺ സംഭാഷണത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും പങ്കുചേരാനുള്ള അമേരിക്കയുടെ തീരുമാനത്തെയും ലോകാരാഗ്യ സംഘടനയിലും കൊവാക്‌സിൻ പരിപാടികളിലും പങ്കാളിത്തമുണ്ടാകുമെന്ന ബൈഡന്‍റെ അറിയിപ്പിനെയും ബോറിസ് ജോൺസൺ സ്വാഗതം ചെയ്‌തു. ഒപ്പം, അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനപദവിയിലെത്തിയ ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും ബോറിസ് ജോൺസണിന്‍റെ വക്താവ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
മഹാമാരിയുടെ കാലത്ത് നേരിട്ട പ്രതിസന്ധികളും ഇതിന് പ്രതിവിധിയായി ഇരുരാജ്യങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനുള്ള അവസരങ്ങളും ബൈഡനും ജോൺസണും ചർച്ച ചെയ്‌തതായും പ്രസ്‌താവനയിൽ പറയുന്നു.