റോം: നാഷണല്‍ ജോഗ്രാഫിക് മാഗസിന്‍റെ കവര്‍ ചിത്രത്തിലൂടെ ലോക പ്രശസ്‌തയായ പച്ച കണ്ണുള്ള അഫ്‌ഗാന്‍ പെണ്‍കുട്ടി ഷര്‍ബത്ത് ഗുല ഇറ്റലിയിലെത്തി. ഇറ്റാലിയൻ അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്‌ഗാനിസ്ഥാനില്‍ നിന്ന് രാജ്യം വിടാന്‍ സഹായിക്കണമെന്ന് ഷര്‍ബത്ത് ഗുലയും സന്നദ്ധ സംഘടനകളും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഗുലക്ക് ഇറ്റലിയിലേക്കുള്ള വഴിയൊരുങ്ങിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
1984ല്‍ സോവിയറ്റ്-അഫ്‌ഗാന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറിയാണ് പാകിസ്ഥാനിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഷര്‍ബത്ത് ഗുലയുടെ ചിത്രം ക്യാമറയിലേക്ക് പകര്‍ത്തുന്നത്. പച്ചക്കണ്ണുള്ള 12കാരിയുടെ മുഖം നാഷണല്‍ ജോഗ്രാഫിക് മാഗസിന്‍ കവര്‍ ചിത്രമാക്കുകയും ചെയ്‌തു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ സ്റ്റീവ് മക്കറി ഗുലയെ കണ്ടെത്തുകയും പുതിയ ചിത്രം പകര്‍ത്തുകയും ചെയ്‌തു. 2014ല്‍ വ്യാജ രേഖകളുമായി പാകിസ്ഥാനില്‍ താമസിച്ചതിന് ഷര്‍ബത്ത് ഗുല അറസ്റ്റിലായി. തുടര്‍ന്ന് 2016ല്‍ കാബൂളിലേക്ക് അവരെ തിരികെ അയക്കുകയായിരുന്നു.
അതേസമയം, രാജ്യം വിട്ട് യൂറോപ്പിലെത്തിയ അഫ്‌ഗാനിസ്ഥാനിലെ ആദ്യ വനിത ചീഫ് പ്രോസിക്യൂട്ടര്‍ മരിയ ബഷീറിന്, ഇറ്റലി ഈ മാസമാദ്യം പൗരത്വം നല്‍കിയിരുന്നു. ഓഗസ്റ്റില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ 5,000 അഫ്‌ഗാന്‍ പൗരന്മാരെയാണ് ഇറ്റലി രാജ്യത്ത് നിന്ന് ഒഴിപ്പിച്ചത്.
Also read: Boris Johnson on Afghan | അഫ്‌ഗാനില്‍ ഇടപെടും, യു.കെയെ സ്വാഗതം ചെയ്‌ത് താലിബാന്‍