ഹൈദരാബാദ്: ആഗോളതലത്തിൽ 25,57,181ൽ കൂടുതൽ ആളുകൾക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ടുകൾ. ഇതിൽ 1,77,641ഓളം ആളുകളുടെ ജീവൻ നഷ്‌ടപ്പെട്ടു. ലോകമെമ്പാടുമായി രോഗം സ്ഥിരീകരിച്ചവരിൽ 6,90,444ൽ അധികം ആളുകൾക്ക് രോഗം ഭേദമായിട്ടുണ്ട്.
ദക്ഷിണ കൊറിയ പുതുതായി റിപ്പോർട്ട് ചെയ്‌തത് 11 കേസുകളും ഒരു മരണവുമാണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,694 ആയി ഉയർന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 238 ആയി. 21 ദിവസം പിന്നിടുമ്പോൾ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 100ൽ താഴെയാണ്.
അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള ഉത്തരവ് ഉടനെ തന്നെ സാക്ഷ്യപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇവിടെ 40,000 പേരുടെ ജീവനാണ് കൊവിഡെന്ന മഹാമാരി വിഴുങ്ങിയത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നതിനുള്ള സമ്മർദമാണ് വിവിധ രാഷ്‌ട്രങ്ങളിലെ സർക്കാരുകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ജർമ്മനിയിൽ, മദ്യവിതരണശാലകൾ അടച്ചുപൂട്ടിയത് വലിയ പ്രതിസന്ധി ഉയർത്തുന്നു. അമേരിക്കയിലാവട്ടെ കൽക്കരി വ്യവസായത്തിലും വൻ ഇടിവാണ് കൊവിഡ് മൂലമുണ്ടായിരിക്കുന്നത്.