ഹൈദരാബാദ്: ലോകം കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോൾ യൂറോപ്പിലും അമേരിക്കയിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ലോകത്ത് ഇതുവരെ 15,18,719 ൽ അധികം ആളുകൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 88,502 ൽ അധികം ആളുകൾ മരണത്തിന് കീഴടങ്ങി. 3,30,589 ൽ അധികം ആളുകൾ രോഗ മുക്തി നേടി. ചുമ അല്ലെങ്കിൽ തുമ്മൽ എന്നിവയിൽ നിന്നുള്ള സൂക്ഷ്മ തുള്ളികൾ വഴിയാണ് വൈറസ് പടരുന്നത്. മിക്ക ആളുകൾക്കും ചെറിയ തോതിലുള്ള രോഗ ലക്ഷണങ്ങളാണ് ഉണ്ടാവുക. പ്രായമായവർക്കും നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്കും വലിയ തോതിലുള്ള രോഗ ലക്ഷണങ്ങൾ കാണിക്കും.
ചൈനയിൽ പുതിയ 63 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതിൽ 61 പേര്‍ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും രണ്ട് പേര്‍ തെക്കൻ പ്രവിശ്യയായ ഗുവാങ്‌ഡോങിൽ താമസമാക്കിയവരുമാണ്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ഹുബേയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, ഹുബേയിൽ പുതിയ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാനിൽ ബുധനാഴ്ച മാത്രം പുതിയ 500 കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,768 ആയി.