ബെർലിൻ: കൊവിഡ് വാക്‌സിൻ സ്വീകരിച്ചയുടൻ മരണമടഞ്ഞ 10 പേരുടെ മരണത്തെക്കുറിച്ച് ജർമ്മനിയിലെ പോൾ എർലിച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ അന്വേഷിക്കും. ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ബ്രിജിറ്റ് കെല്ലർ-സ്റ്റാനിസ്ലാവ്സ്കി വാക്‌സിൻ ഉൽപ്പന്നങ്ങളെ കുറിച്ചും മെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചും പഠിക്കും. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം മരണമടഞ്ഞവർ 79 മുതൽ 93 വരെ പ്രായമുള്ളവരാണ്. വാക്‌സിൻ സ്വീകരിച്ച് നാല് ദിവസങ്ങൾക്കിടയിലാണ് പലരുടെയും മരണം.
ഈ കേസുകുറിച്ച് പഠിക്കുന്നുണ്ട്. നിലവിലെ ഡാറ്റയുടെ അടിസ്ഥാനത്തിൽ വാക്സിനേഷൻ സ്വീകരിച്ചവരുടെ മരണം അവർക്ക് ഉണ്ടായിരുന്ന പ്രധാന രോഗങ്ങൾ മൂലമാണെന്ന് അനുമാനിക്കുന്നുവെന്ന് കെല്ലർ-സ്റ്റാനിസ്ലാവ്സ്കി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ അവസാനത്തിലാണ് ജർമ്മനിയിൽ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്. ഫൈസർ, ബയോ എൻ ടെക് കമ്പനികൾ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഇതുവരെ 8,42,000 പേർക്ക് വാക്സിൻ ലഭിച്ചു. 80 വയസിനു മുകളിലുള്ളവർ, നഴ്സിംഗ് ഹോമുകളിലെ ജീവനക്കാർ, മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവരാണ് ആദ്യം വാക്സിൻ നൽകുന്നത്.