പാരീസ്: ഫ്രാൻസിൽ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഡിസംബർ 1 വരെ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ രാജ്യവ്യാപകമായി രണ്ടാമത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച 520 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതോടെയാണ് നടപടി.
ഫ്രാൻസിലെ എല്ലാ റെസ്റ്റോറന്‍റുകൾ ബാറുകൾ പ്രധാനമല്ലാത്ത ബിസിനസുകൾ എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചുപൂട്ടാൻ ഉത്തരവുണ്ട്. ആളുകൾ വീട്ടിൽ നിന്ന് സാധ്യമാകുന്നിടത്ത് ജോലി ചെയ്യണമെന്ന് മാക്രോൺ പറഞ്ഞു. എന്നാൽ ഫാക്ടറികൾ, ഫാമുകൾ, നിർമാണ സൈറ്റുകൾ എന്നിവയ്ക്ക് തുടർന്നും പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ നഴ്സിംഗ് ഹോമുകൾ സന്ദർശകർക്കായി തുറന്നിരിക്കുമെന്നും ശ്മശാനങ്ങൾ തുറന്നുകൊടുക്കുമെന്നും അതിനാൽ ആളുകൾക്ക് വ്യക്തിഗത ശവസംസ്കാരം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ലോക്ക്ഡൗണിന്‍റെ പൂർണ വിവരങ്ങൾ വ്യാഴാഴ്ച ഫ്രഞ്ച് സർക്കാർ പുറത്തുവിടും. രാജ്യത്തെ പകുതിയിലധികം തീവ്രപരിചരണ വിഭാഗങ്ങളിലും കൊവിഡ് രോഗികളാണുള്ളത്.