മോസ്‌കോ: റഷ്യന്‍ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്‌ക്ക് മുന്‍തൂക്കം. എന്നാൽ ഭരണഘടനയിൽ മാറ്റം വരുത്താൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർട്ടി നിലനിർത്തുമോ എന്ന് വ്യക്തമല്ല. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് അധികാരത്തില്‍ പിടിമുറുക്കാനുള്ള റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
രാജ്യത്തെ 30 ശതമാനം പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള ആദ്യ ഫലങ്ങളനുസരിച്ച് യുണൈറ്റഡ് റഷ്യ പാർട്ടിക്ക് 45 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. ഡ്യൂമയിലെ (റഷ്യന്‍ പാര്‍ലമെന്‍റ്) 450 സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായി യുണൈറ്റഡ് റഷ്യ പാര്‍ട്ടി ഉള്‍പ്പെടെ 14 പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.
രാഷ്ട്രീയ എതിരാളികളില്ല
തടവിലാക്കപ്പെട്ട പുടിന്‍റെ രാഷ്‌ട്രീയ എതിരാളി അലക്‌സി നവാൽനിയുമായി ബന്ധമുള്ള സംഘടനകളെ തീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ചതിനാല്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്ക് തെരഞ്ഞെടുപ്പില്‍ കാര്യമായ എതിരാളികളില്ല. പുടിനെ പിന്തുണയ്ക്കുന്ന മൂന്ന് പാർട്ടികള്‍ക്കും കഴിഞ്ഞ വർഷം രൂപീകരിച്ച ന്യൂ പീപ്പിൾ പാർട്ടിക്കും ഡ്യൂമയില്‍ സീറ്റ് ലഭിക്കുമെന്നാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പിൽ പാർട്ടി-ലിസ്റ്റ് വോട്ടിന്‍റെ 13 ശതമാനം ലഭിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇത്തവണ ഏകദേശം 22 ശതമാനം ലഭിച്ചിട്ടുണ്ട്. 'ശക്തമായ പ്രചാരണം നടത്താൻ കഴിഞ്ഞ എല്ലായിടത്തും കമ്മ്യൂണിസ്റ്റുകൾ നേട്ടമുണ്ടാക്കുന്നു, അത് മഹത്തരമാണ്. ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്നതുകൊണ്ടല്ല അത് മഹത്തരമാണെന്ന് പറയുന്നത്. മറിച്ച് അത് നിലവിലെ രാഷ്‌ട്രീയ പോരാട്ടം വർധിപ്പിക്കുന്നു,' നവാൽനിയുടെ അടുത്ത അനുയായി ലിയോണിഡ് വോൾക്കോവ് പറഞ്ഞു.
വോട്ടിങ് ശതമാനത്തില്‍ ഇടിവ്
യുണൈറ്റഡ് റഷ്യയ്ക്ക് 54 ശതമാനം വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അതിനാല്‍ പാര്‍ട്ടിയ്ക്ക് ജനപിന്തുണയിൽ വീഴ്‌ച സംഭവിച്ചതായാണ് ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 450 ൽ 334 സീറ്റുകള്‍ ലഭിച്ച യുണൈറ്റഡ് റഷ്യ പാർട്ടി പാർലമെന്‍റില്‍ ആധിപത്യം നിലനിർത്തുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പുടിൻ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ജനപ്രീതി മുന്‍പത്തേക്കാള്‍ ഇടിഞ്ഞതിനാല്‍ പഴയ ആധിപത്യം ഇത്തവണ നിലനിര്‍ത്താനാകുമോ എന്ന സംശയം ഉയരുന്നുണ്ട്.
ഇതിനിടെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് നിറയ്ക്കുന്നുവെന്നും നിര്‍ബന്ധിത വോട്ടിങ് നടത്തുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പ് ലംഘനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ മേധാവി എല്ല പാംഫിലോവ ആറ് റഷ്യൻ പ്രദേശങ്ങളിൽ എട്ട് ബാലറ്റ് നിറച്ച സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 14 മേഖലകളിലായി 7,465 ബാലറ്റുകളാണ് കമ്മിഷൻ ഇതുവരെ അസാധുവാക്കിയത്.
Also read: ഡാനിൽ മെദ്‌വെദേവിന് ആശംസ അറിയിച്ച് പുടിൻ