കോയമ്പത്തൂർ: ക്രിസ്‌മസ് തലേന്ന് ചെന്നൈയിലെ കോളജ് വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. സ്വയം ചാട്ടവാറ് കൊണ്ടടിച്ചാണ് അണ്ണാമലൈയുടെ പ്രതിഷേധം.
കോളജ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് കൈകാര്യം ചെയ്‌തതിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്കും സംസ്ഥാന പൊലീസിനും വീഴ്‌ച പറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് എഫ്ഐആർ ചോർത്തി എന്നും അണ്ണാമലൈ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോയമ്പത്തൂരിലെ സ്വവസതിക്ക് മുന്നില്‍ നിന്നാണ് അണ്ണാമലൈ ചാട്ടവാറെടുത്ത് സ്വയം പ്രഹരിച്ച് പ്രതിഷേധിച്ചത്. ഏഴു തവണ ദേഹത്ത് ചാട്ടവാറുകൊണ്ട് അടിച്ച അണ്ണാമലൈയെ എട്ടാം തവണ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തെ തുടര്‍ന്ന്, സംഭവത്തില്‍ തമിഴ്‌നാട്ടിലുടനീളം ബിജെപി നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചതായും അണ്ണാമലൈ അറിയിച്ചു.
അതിനിടെ, വ്യാഴാഴ്‌ച നടത്തിയ പത്രസമ്മേളനത്തിൽ ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ താഴെയിറക്കുന്നതുവരെ താൻ പാദരക്ഷകൾ ധരിക്കില്ലെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. പത്രസമ്മേളനത്തിനിടെ നാടകീയമായി ഷൂസ് അഴിച്ചുമാറ്റിയായിരുന്നു അണ്ണാമലൈയുടെ പ്രഖ്യാപനം.
ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരം സംസ്ഥാന പൊലീസ് മനഃപൂർവം വെളിപ്പെടുത്തിയതായി അണ്ണാമലൈ ആരോപിച്ചിരുന്നു. സാങ്കേതിക സർവകലാശാലയായ അണ്ണാ യൂണിവേഴ്‌സിറ്റിയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.