ഷില്ലോങ്: മതവികാരം വ്രണപ്പെടുത്തിയ യുവാവിനെതിരെ കേസെടുത്ത് മേഘാലയ പൊലീസ്. പള്ളിക്കുള്ളില്‍ കടന്ന് കയറിയ യുവാവ് അള്‍ത്താരയില്‍ പ്രവേശിച്ച് ജയ്‌ശ്രീറാം മുഴക്കുകയായിരുന്നു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗലിന്നോങ് ഗ്രാമത്തിലെ പള്ളിയിലാണ് സംഭവം.
പിന്നീട് ഇയാള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഈസ്റ്റ് ഖാസി ഹില്‍സ് എസ്‌പി സില്‍വസ്റ്റാര്‍ നോങ്ടിഞ്ജര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ആകാശ് സാഗര്‍ എന്ന് പേരുള്ള ആള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും എസ്‌പി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവത്തിൽ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്‌മ അപലപിച്ചു. ജനങ്ങളുടെ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിനെ ബാധിക്കുന്ന പ്രവൃത്തികള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാമുദായിക-മത, സാമൂഹ്യ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല. നിയമ നടപടിയുണ്ടാകുമെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ആഞ്ചേല റങാദ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ മുന്‍നിശ്ചയപ്രകാരം പള്ളിയില്‍ കടന്ന് കയറിയാണ് ഇത്തരമൊരു പ്രവൃത്തി നടത്തിയിരിക്കുന്നതെന്ന് അവര്‍ പരാതിയില്‍ പറയുന്നു.
സാമുദായിക സംഘര്‍ഷം ഉണ്ടാക്കുകയും ന്യൂനപക്ഷ സംസ്‌കാരത്തെ അപമാനിക്കലുമാണ് സംഭവത്തിന് പിന്നിലെ ഉദ്ദേശം. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കലാണിതെന്നും അവര്‍ പരാതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രമുഖ ഹിന്ദു സംഘടനയായ സെന്‍ട്രല്‍ പൂജ കമ്മിറ്റിയും സംഭവത്തെ അപലപിച്ചു.
'എല്ലാവരും സമാധാനം ആഗ്രഹിക്കുന്ന ഒരു സംസ്ഥാനത്ത് മതവികാരം വ്രണപ്പെടുത്തും വിധമുള്ള ഒരു ദൃശ്യം പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് ശക്തമായ നടപടി കൈക്കൊള്ളണമെന്നും സിപിസി അധ്യക്ഷന്‍ നാബാ ഭട്ടാചാര്യ പറഞ്ഞു.
ഇത്തരം തലച്ചോറില്ലാത്ത ഭ്രാന്തന്‍മാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് മേഘാലയ ബിജെപി വക്താവ് എം ഖര്‍ഖരാങ് പറഞ്ഞു. ഇത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ആകാശ് സാഗറിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാമെങ്കില്‍ കൈമാറണമെന്ന് മേഘാലയ പൊലീസ് ഹോട്ടലുകളോടും ഹോംസ്റ്റേകളോടും ടൂര്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടു.
Also Read: വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി