ലണ്ടൻ: ഇംഗ്ലണ്ടിലെ കാർബിസ് ബേയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ്-യുഎസ് സൗഹൃദം ഊട്ടിയുറപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് സമ്മാനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഇഷ്ടാനുസൃതമായി നിർമിച്ച സൈക്കിളാണ് ജോൺസണ് ബൈഡൻ സമ്മാനിച്ചത്.
നാല് പേർ മാത്രമടങ്ങുന്ന വ്യവസായ സംരംഭമായ ഫിലാഡൽഫിയ ആസ്ഥാനമായുള്ള ബിലെങ്കി സൈക്കിൾ വർക്ക്സ് ആണ് സൈക്കിൾ നിർമിച്ചത്. സാധാരണയായി ഒരു സൈക്കിൾ നിർമിക്കാൻ ബിലെങ്കി സൈക്കിൾ വർക്ക്സ് 18 മാസം വരെയാണ് എടുക്കുന്നത്.
സൈക്കിളും അതിനിണങ്ങുന്ന ഹെൽമറ്റും രൂപകൽപ്പന ചെയ്യുന്നതിന് കമ്പനി ഉടമയായ സ്റ്റീഫൻ ബിലെങ്കിയെ മെയ് 23ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ബന്ധപ്പെട്ടിരുന്നു. സ്ഥാപനം ഈടാക്കുന്ന ഏറ്റവും കുറഞ്ഞ വിലയുടെ മൂന്നിലൊന്നായ 1,500 ഡോളറായിരുന്നു സൈക്കിളിന്‍റെ വില.
ബൈഡനും ജോൺസണും ഉച്ചകോടിക്കിടെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ജോൺസൺ തിരിച്ചും സമ്മാനം നൽകി. പത്തൊൻപതാം നൂറ്റാണ്ടിലെ അടിമത്ത വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഫ്രെഡറിക് ഡഗ്ലസിന്‍റെ ചിത്രമാണ് ബൈഡന് സമ്മാനിച്ചത്.
Also Read: സ്വർണക്കടത്ത്; മഹാരാഷ്‌ട്രയിൽ എൻഐഎ റെയ്‌ഡ്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആതിഥേയത്വം വഹിക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടി ഞായറാഴ്ച സമാപിക്കും. കാലാവസ്ഥാ വ്യതിയാനമാണ് ഞായറാഴ്ചത്തെ അജണ്ടയിലെ പ്രധാന വിഷയം. പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞൻ ഡേവിഡ് ആറ്റൻബറോ ഉച്ചകോടിയിൽ നേതാക്കളെ അഭിസംബോധന ചെയ്തു.