ബീജിംഗ്: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ജി-20 രാജ്യങ്ങൾ മുൻകൈയെടുക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങ്. കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര സഭയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാനും പാരീസ് ഉടമ്പടി പൂർണമായി നടപ്പിലാക്കാനും സമ്മർദം ചെലുത്തണമെന്നും ഷി ജിൻ പിങ്ങ് ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചു കെട്ടാൻ ഐക്കരാഷ്‌ട്ര സഭയുടെ മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും പാരീസ് കരാർ പൂർണമായും ഫലപ്രദമായും നടപ്പാക്കണമെന്നും ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. ജി20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന നേതാക്കളുടെ യോഗത്തിൽ ഞായറാഴ്‌ച വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2060 ഓടെ ചൈന കാർബണ്‍ ന്യൂട്രൽ ആകുമെന്നും ഷി ജിൻ പിങ്ങ് കൂട്ടിച്ചേർത്തു.
നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണ്ൾഡ് ട്രംപ് പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉടമ്പടി പുനസ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിലെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിൽ തന്നെ ഏറ്റവും അധികം കാർബണ്‍ പുറംതള്ളുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. അതുകൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചു കെട്ടാൻ നിർണായക സ്വാധീനം ചെലുത്താൻ ഈ രാജ്യങ്ങൾക്കാകും.