ബെയ്‌ജിങ്: കൊവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ 10 അംഗ വിദഗ്‌ധ സംഘം ചൈനയിലെത്തി.
ചൈന അന്വേഷണത്തിന് സഹകരിക്കാത്തതിനെതിരെ നേരത്തെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ് രംഗത്തെത്തിയിരുന്നു. ചൈനീസ് സർക്കാരിൻ്റെ നിലപാട് നിരാശാജനകമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ചൈന അന്വേഷണത്തിന് സഹകരിച്ച് എത്തിയിരിക്കുന്നത്. വൈറസ് ബാധ ലോകം മൊത്തം വ്യാപിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് ചൈന ലോകാരോഗ്യ സംഘടനക്ക് പ്രവേശനാനുമതി നൽകുന്നത്.
2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ലോകരാജ്യങ്ങൾക്ക് ഭീഷണിയായ വൈറസിനെ ചൈന സൃഷ്‌ടിച്ചതാണെന്ന ആരോപണവും ശക്തമാണ്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നാണ് വൈറസ് വുഹാനിലേക്ക് എത്തിയതെന്നാണ് ചൈനയുടെ വാദം. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.