ബീജിങ്: കൊവിഡുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ നിയമപരമായും അന്തർദേശീയ തലത്തിലെ കീഴ്‌വഴക്കമനുസരിച്ചും തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് വാങ് യി ചൈനക്കെതിരെ യുഎസ് എടുത്തിരിക്കുന്ന നിലപാടിനെ കുറിച്ച് വ്യക്തമാക്കിയത്. അതേ സമയം, വൈറസ് നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും അമേരിക്കയുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുകയാണ്. എന്നാൽ, ചൈന തങ്ങളുടെ പരമാധികാരം, പ്രദേശം, താൽപര്യങ്ങൾ എന്നിവ സംരക്ഷിച്ചുകൊണ്ടു തന്നെ യുഎസുമായി സഹകരിക്കാൻ സന്നദ്ധമാണെന്നും വാങ് യി തുറന്നുപറഞ്ഞു.
മറ്റ് രാജ്യങ്ങൾക്കൊപ്പം ചൈനയും ആഗോള മഹാമാരിയായി മാറിയ വൈറസിന് ഇരയായിട്ടുണ്ട്. എന്നിട്ടും മറ്റ് രാഷ്‌ട്രങ്ങൾക്ക് ആവശ്യമായ സേവനം നൽകാൻ ചൈന മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപിക്കുന്നതിനൊപ്പം യുഎസിൽ ഒരു രാഷ്ട്രീയ വൈറസും രൂക്ഷമാകുകയാണ്. ഇത് ചൈനയെ ഏത് സമയത്തും ആക്രമിക്കാൻ ഉതകുന്നതാണ്. വസ്‌തുതാപരമായി യാതൊരു അടിസ്ഥാനവും ഇല്ലാതെയാണ് ചില അമേരിക്കൻ രാഷ്ട്രീയക്കാർ വാർത്തകൾ കെട്ടിചമയ്‌ക്കുന്നത്. കൂടാതെ, രാജ്യത്തിനെതിരെ ഗൂഢാലോചനകളും നടക്കുന്നതായി വിദേശകാര്യ മന്ത്രി പറഞ്ഞു. ചൈനക്കെതിരെ ഇത്തരം ആരോപണങ്ങൾ നടത്തുന്നവർ ഒരു പകൽ സ്വപ്നത്തിലാണ് ജീവിക്കുന്നതെന്നും മനുഷ്യ മനസാക്ഷിയെ പരിഗണിക്കാതെയുള്ള നടപടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
ചില യുഎസ് രാഷ്ട്രീയ ശക്തികൾ ചൈന- അമേരിക്ക ബന്ധം നശിപ്പിക്കുകയാണ്. യുഎസിനെ പരിവർത്തനപ്പെടുത്താനോ അവരുടെ സ്ഥാനം അപഹരിക്കാനോ ചൈനയ്ക്ക് ഉദ്ദേശ്യമില്ല. അതുപോലെ ചൈനയുടെ താൽപര്യങ്ങൾ മാറ്റാൻ യുഎസിനും സാധിക്കില്ല. അമേരിക്കയിലെ രാഷ്ട്രീയ ശക്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ അപഹരിച്ചുകൊണ്ട് 'പുതിയ ശീതയുദ്ധ'ത്തിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിലാണെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും വാങ് യി കൂട്ടിച്ചേർത്തു.