വാഷിങ്ടണ്‍: കാണ്ഡഹാര്‍ നഗരം താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ ഒരുങ്ങി അമേരിക്ക. അഫ്‌ഗാനിസ്ഥാനിലുള്ള എംബസി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. കാബൂള്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പെന്‍റഗണ്‍ അറിയിച്ചു.
എംബസി തുറന്ന് പ്രവര്‍ത്തിക്കും
സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി അഫ്‌ഗാനിസ്ഥാനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഹമീദ് കാര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ സൈന്യത്തെ പ്രതിരോധ വകുപ്പ് താല്‍ക്കാലികമായി നിയോഗിക്കുമെന്ന് വക്‌താവ് നെഡ് പ്രൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനും അഫ്‌ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസി തുറന്ന് പ്രവര്‍ത്തിക്കും. അഫ്‌ഗാനിസ്ഥാനിലെ നയതന്ത്ര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സ്‌പെഷ്യല്‍ ഇമിഗ്രന്‍റ് വിസ പ്രോഗ്രാം ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഫ്‌ഗാന്‍ സര്‍ക്കാരുമായും ജനതയുമായും നയതന്ത്രവും തുടരും. അതിനോടൊപ്പം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈന്യത്തെ ഉടന്‍ വിന്യസിക്കും
മൂന്ന് ഇന്‍ഫന്‍ട്രി ബറ്റാലിയനുകളെയാണ് അദ്യം വിന്യസിക്കുക. ഇതില്‍ രണ്ടെണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈന്‍സും ഒരെണ്ണം ആര്‍മി ബറ്റാലിയനുമാണ്. അടുത്ത 24-48 മണിക്കൂറിനുള്ളില്‍ ബറ്റാലിയനുകള്‍ ഹമീദ് കാര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്ന് പെന്‍റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിച്ചു.
ഇതിന് ശേഷമാണ് 1000 പേരടങ്ങുന്ന സംയുക്ത കര-നാവിക സേനകളെ വിന്യസിക്കുക. അടുത്ത ദിവസങ്ങളില്‍ ബറ്റാലിയന്‍ ഖത്തറിലെത്തും. ഇന്‍ഫാന്‍ട്രി ബ്രിഗേഡ് കോമ്പാറ്റ് ടീമിനെ ഇതിന് ശേഷം വിന്യസിക്കും. അടുത്ത ആഴ്‌ചയോടെ ബറ്റാലിയന്‍ കുവൈത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 650 അമേരിക്കന്‍ ട്രൂപ്പുകളാണ് അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിയിലും അന്താരാഷ്ട്ര വിമാനത്താവളത്തിലും വിന്യസിച്ചിട്ടുള്ളത്.
Read more: സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല; നിലപാട് വ്യക്‌തമാക്കി ബൈഡൻ