രാമല്ലാഹ്: പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവരുന്ന പുതിയ സമാധാന പദ്ധിയായ ഡീല്‍ ഓഫ് ദ സെഞ്ച്വറിയില്‍ 300 ഓളം അന്താരാഷ്ട്ര നിയമലംഘനങ്ങളുണ്ടെന്ന് പലസ്തീന്‍. ഇക്കാര്യം അടുത്തയാഴ്ച യുഎന്‍ സുരക്ഷാ സമിതിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹമ്മദ് മജ്‌ദലാനി വ്യക്തമാക്കി.
അടുത്ത ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്യുമ്പോള്‍ സമാധാന പദ്ധതിയെക്കുറിച്ച് ഉന്നയിക്കുകയും കൗണ്‍സിലിലെ അംഗങ്ങളുടെ മുമ്പാകെ വോട്ടിങിനായി കരട് പ്രമേയം അവതരിപ്പിക്കുകയും ചെയ്യും. അന്താരാഷ്ട്ര നിയമലംഘനങ്ങളും പ്രമേയങ്ങളും ഉള്‍ക്കൊള്ളുന്ന രേഖ തയ്യാറാക്കിയത് പിഎല്‍ഒ ആണ് തയ്യാറാക്കിയത്.
ജനുവരി 28നാണ് ജറുസലേമിനെ ഇസ്രായേലിന്‍റെ അവിഭാജ്യ തലസ്ഥാനം ആയി അംഗീകരിക്കുന്നതിനിടയില്‍ രണ്ട് രാജ്യങ്ങളുടേയും സമാധാനത്തിനായി ഡീല്‍ ഓഫ് ദ സെഞ്ച്വറി ട്രംപ് വെളിപ്പെടുത്തുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ പലസ്തീന്‍ സമൂഹത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് അറബ് ലോകം ഒന്നടങ്കം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. ട്രംപ് മുന്നോട്ടു വെക്കുന്ന പുതിയ സമാധാന പദ്ധതിയെ ലോകം തള്ളണമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്നത്തിന്‍റെ മര്‍മം ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ പ്രശ്നപരിഹാരം സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. മാത്രവുമല്ല ഇസ്രായേല്‍ പ്രസിഡന്‍റ് നെതന്യാഹുവിന്‍റെ സംരക്ഷണം മാത്രമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും പലസ്തീന്‍ നേതൃത്വം കുറ്റപ്പെടുത്തി.