മോസ്‌കോ: സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും 150 മണിക്കൂറിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് തുര്‍ക്കി. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ തുര്‍ക്കിഷ് പ്രസിഡന്‍റ് റെസപ് തയ്യിപ് എര്‍ത്തോഗനുമായി റഷ്യയിലെ സോച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. തുര്‍ക്കി-കുര്‍ദിഷ് സേനകൾ തമ്മില്‍ നിലനില്‍ക്കുന്ന ഉടമ്പടി അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെയാണ് സേനാ പിന്മാറ്റവുമായി തുര്‍ക്കി ധാരണയിലെത്തിയത്.
സിറിയയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ കുര്‍ദിഷുകളെ പുറത്താക്കാനായി നടത്തുന്ന തുര്‍ക്കിയുടെ ആക്രമണങ്ങൾക്കെതിരെ ലോകരാഷ്‌ട്രങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. കുര്‍ദിഷ് സേനയെ സഹായിക്കാന്‍ റഷ്യന്‍ പട്ടാളവും മുന്നോട്ടു വന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് റഷ്യ നടത്തിയ ചര്‍ച്ചയില്‍ സേനയെ പിന്‍വലിക്കാന്‍ തുര്‍ക്കി നിര്‍ബന്ധിതരാവുകയായിരുന്നു.