കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിന് തൊട്ടരികെ താലിബാൻ. കാബൂളിന് തൊട്ട് തെക്കുഭാഗത്തുള്ള പ്രവിശ്യയും താലിബാൻ പിടിച്ചെടുത്തു. വടക്കൻ അഫ്‌ഗാനിലെ പ്രധാന നഗരമായ മസർ-ഇ-ഷെരീഫ് പിടിച്ചെടുക്കാനായി ബഹുമുഖ ആക്രമണവും താലിബാൻ ആരംഭിച്ചുകഴിഞ്ഞു. കാബൂളിലേക്ക് 80 കിലോമീറ്റർ മാത്രമാണ് ഇനി താലിബാന് അവശേഷിക്കുന്നത്.
അമേരിക്ക സൈന്യത്തെ പിൻവലിക്കുന്നതിന് മൂന്നാഴ്‌ച മുമ്പേ താലിബാൻ വടക്കൻ, പടിഞ്ഞാറൻ, തെക്കൻ അഫ്‌ഗാനിസ്ഥന്‍റെ മിക്ക ഭാഗങ്ങളും പിടിച്ചെടുത്തിരുന്നു.
മസർ-ഇ-ഷെരീഫ് നഗരത്തിന്‍റെ വിവിധ ദിശകളില്‍ നിന്നായി ശനിയാഴ്ച പുലർച്ചെ മുതലാണ് താലിബാൻ ആക്രമണം ആരംഭിച്ചത്. നിലവിൽ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ടില്ല.
രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കോ താലിബാൻ ഭരണത്തിലേക്കോ?
അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗാനി, നഗരത്തില്‍ പ്രതിരോധം ഉറപ്പാക്കാൻ, സർക്കാരുമായി സഖ്യമുള്ള നിരവധി സേനകളുടെ കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്താൻ ബുധനാഴ്ച മസർ-ഇ-ഷെരീഫിലേക്ക് പോയിരുന്നു.
വിദേശ സൈന്യത്തിന്‍റെയും അഫ്‌ഗാന്‍റെ സ്വന്തം സൈന്യത്തിന്‍റെയും പെട്ടന്നുള്ള പിൻവാങ്ങൽ താലിബാൻ അധികാരത്തിലെത്തുന്നതിന്‍റെയോ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പോകുന്നതിന്‍റെയോ സൂചനയാണ് ഉയർത്തിയിരിക്കുന്നത്.
കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷനും താലിബാൻ പിടിച്ചെടുത്തു
ഈയാഴ്‌ച ആദ്യം താലിബാൻ പിടിച്ചെടുത്ത തെക്കൻ നഗരമായ കാണ്ഡഹാറിലെ പ്രധാന റേഡിയോ സ്റ്റേഷൻ പിടിച്ചെടുത്തത് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ താലിബാൻ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു.
സ്റ്റേഷൻ വോയ്‌സ് ഓഫ് ഷരീയ അഥവാ ഇസ്ലാമിക നിയമം എന്ന് പുനർനാമകരണം ചെയ്തുവെന്നും വാർത്തകളും രാഷ്ട്രീയ വിശകലനങ്ങളും ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ പാരായണവും റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുമെന്നും വീഡിയോയിൽ പറയുന്നു.
റേഡിയോ വഴി ഇനി സംഗീതം പ്രക്ഷേപണം ചെയ്യില്ലെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.