ഇസ്ലാമാബാദ്: കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി നീട്ടിയതിൽ പ്രതിഷേധമറിയിച്ച ആർമി ജനറൽ വീട്ടുതടങ്കലിൽ. മുള്‍ട്ടാന്‍ കോര്‍പ്‌സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താറിനെയും കുടുംബത്തെയുമാണ് വീട്ടു തടങ്കലിലാക്കിയത്. അതേസമയം ബജ്‌വയുടെ കാലാവധി നീട്ടിയതിൽ പ്രതിഷേധിച്ച് സര്‍ഫറസ് സത്താർ സർവീസിൽ നിന്നും 2019 നവംബർ 26ന് രാജിവെച്ചിരുന്നു.
സമയപരിധി കഴിഞ്ഞിട്ടും ബജ്‌വ പാക് സൈനിക മേധാവി സ്ഥാനത്ത് തുടരുന്നതിനെതിരെ പാക് സൈന്യത്തിലെ ഏഴ് ലഫ്റ്റനന്‍റ് ജനറല്‍മാരാണ് രംഗത്തെത്തിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 24 ലഫ്റ്റനന്‍റ് തസ്തികകളിലുള്ളവർ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്നും ബജ്‌വയുടെ കാലാവധി നീട്ടിയത് മറ്റുള്ളവരുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നുമാണ് ഇവരുടെ വാദം.
റാങ്കിനനുസരിച്ച് മുള്‍ട്ടാന്‍ കോര്‍പ്‌സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താറാണ് അടുത്ത പാക് സൈനിക മേധാവിയാകേണ്ടത്. എന്നാൽ ഉപാധികളോടെ ആറ് മാസത്തേക്കാണ് ബജ്‌വയുടെ കാലാവധി നീട്ടി നൽകിയത്. കാലാവധി കൂടുതല്‍ നീട്ടി നല്‍കാനായിരുന്നു ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ അത് പാക് സുപ്രീംകോടതി ഉപാധികളോടെ ആറ് മാസത്തേക്ക് വെട്ടിക്കുറച്ചു. സര്‍ഫറസ് സത്താർ വിരമിച്ച സാഹചര്യത്തിൽ ഖമർ ജാവേദ് ബജ്‌വക്ക് ശേഷം ലഫ്റ്റന്‍റ് ജനറൽ നദീം റാസയാകും കരസേനാ മേധാവിയാകുക.