സിയോൾ: ദക്ഷിണ കൊറിയയിലെ കൊവിഡ്-19 ബാധിതരുടെ എണ്ണം 123 ആയി. ഞായറാഴ്ച രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വരെ 52 പേർക്കായിരുന്നു രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ ഡേഗു നഗരത്തിലെ പള്ളിയിൽ രോഗിയായ സ്ത്രീ പ്രാർഥനക്കെത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. ഇതോടെ ആരോഗ്യ വകുപ്പ് കർശനമായ സുരക്ഷാ നിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. പൊതുയിടങ്ങളിൽ പോകരുതെന്നും രോഗ ലക്ഷണമുള്ളവരോട് വൈദ്യസഹായം തേടാനും അധികൃതർ ആവശ്യപ്പെട്ടു.
ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയിൽ പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി.രോഗം പടരുന്ന ഡേഗു പ്രദേശത്തേക്ക് യാത്ര പോകുന്നതിന് ബ്രിട്ടനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ്-19ൽ ലോകത്താകെ മരണം 2257 ആയി. രോഗ ബാധിതരായി 553 പേരാണ് ജപ്പാനിൽ ഉള്ളത്. ഇറാനിലും ഇറ്റലിയിലും അസുഖം പടർന്നു പിടിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക വേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.