ബെയ്‌ജിങ്: ഐസ് ശിൽപങ്ങളുടെ മനോഹാരിത നിറച്ച് 36-ാംമത് ഹാർബിൻ ഐസ് ഫെസ്റ്റിവലിന് ചൈനയിൽ തുടക്കമായി. ചൈനയിലെ നാല് നഗരങ്ങളില്‍ നടക്കുന്ന ഫെസ്റ്റ് ലോകത്താകമാനമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു. എല്ലാ ശൈത്യകാലത്തും ഹെയ്‌ലോങ് ജിയാങ് പ്രവിശ്യയിലെ ഹാർബിനിലാണ് ഫെസ്റ്റ് നടക്കുന്നത്. വടക്ക്-കിഴക്ക് ചൈനയിലെ സോംഗുവ നദീതീരത്താണ് സൺ ഐലന്‍റ് സ്‌നോ പാർക്കും ഹാർബിൻ ഐസ് സ്‌നോ പാർക്കും നിർമിച്ചിരിക്കുന്നത്. സ്‌നോ പാർക്കിന് ഏകദേശം 600,000 ചതുരശ്ര അടി നീളമുണ്ട്. 110,000 ക്യുബിക് മീറ്റർ ഐസാണ് മഞ്ഞ് നിറഞ്ഞ അന്തരീക്ഷം സൃഷ്‌ടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ഐസ് കൊണ്ട് തയ്യാറാക്കിയ ഫീനിക്‌സ് പക്ഷിയാണ് ഫെസ്റ്റിന്‍റെ മറ്റൊരു ആകർഷണം. ഇവിടെയെത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് റഷ്യൻ രീതിയിൽ ഐസിൽ രൂപകൽപന ചെയ്‌ത ശിൽപങ്ങളാണ്.ഈ വർഷത്തെ എല്ലാ ശിൽപങ്ങളും രൂപകൽപന ചെയ്‌തിരിക്കുന്നത് പരമ്പരാഗത രീതിയിലാണ്. ഇരുപതിലധികം ഗെയിമുകളും ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഐസ് സിറ്റിയിലെ ഐസ് സ്ലൈഡാണ് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നത്.
മഞ്ഞ് നിറഞ്ഞ വീഥിയിലുടെ സഞ്ചരിക്കാൻ വിവിധതരം ബൈക്കുകളും ഫെസ്റ്റിലുണ്ട്. രാത്രിയിലെ മങ്ങിയ രീതിയിലുള്ള ലൈറ്റ് പ്രദർശനമാണ് ഫെസ്റ്റിന്‍റെ മറ്റൊരാകർഷണം. പ്രത്യേകതരം മങ്ങിയ വെളിച്ചത്തിൽ ഐസ് ശിൽപങ്ങൾ കൂടുതൽ മനോഹരവും ആസ്വാദ്യകരവുമാകുന്നു. 1985 ലാണ് ഫെസ്റ്റ് ആരംഭിച്ചത്. ഐസ് നീന്തൽ, സ്‌കീയിങ്, ട്രയത്ത്ലോൺ തുടങ്ങിയ മത്സരയിനങ്ങളും ഈ വർഷത്തെ ഫെസ്റ്റിവലിന്‍റെ പ്രത്യേകതയാണ്.
ഡിസംബറിന്‍റെ തുടക്കത്തിലാണ് പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വാങ് സിയാവു ഡിസൈൻ ചെയ്‌യ പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങളില്‍ പതിനായിരത്തോളം പേർ പങ്കാളികളാണ്.