കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ശരീഅത്ത് (ഇസ്‌ലാമിക നിയമം) പ്രാബല്യത്തിൽ വരുമെന്ന് താലിബാന്‍റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ. രാജ്യത്ത് ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് താലിബാൻ നേതാവിന്‍റെ പ്രഖ്യാപനം.
ഭാവിയിൽ അഫ്‌ഗാനിലെ ഭരണകൂടത്തെയും പൊതുജനങ്ങളുടെ ജീവിതത്തെയും ശരീഅത്താല്‍ നിയന്ത്രിക്കപ്പെടും. പ്രശ്‌ന പരിഹാരം ശരീഅത്ത് നിര്‍ദേശിക്കപ്പെടുന്നത് പ്രകാരമായിരിക്കും. ഇസ്ലാമിന്‍റെ ചട്ടക്കൂടിനുള്ളില്‍ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ അഫ്‌ഗാൻ അധികാരികൾ ഗൗരവപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെ മുല്ല ഹസൻ നയിക്കും
ചൊവ്വാഴ്‌ചയാണ് അഫ്‌ഗാനില്‍ ഇടക്കാല സർക്കാരിനെ താലിബാൻ പ്രഖ്യാപിച്ചത്. യു.എസിന്‍റെ സഖ്യത്തിനും അഫ്‌ഗാൻ സർക്കാരിനുമെതിരെ താലിബാൻ തീവ്രവാദികൾ നടത്തിയ 20 വർഷത്തെ യുദ്ധത്തിന് നേതൃത്വം നൽകിയവർക്ക് ഉന്നത പദവികൾ നൽകിക്കൊണ്ടാണ് മന്ത്രിസഭ പ്രഖ്യാപനം.
മുല്ല മുഹമ്മദ് ഹസൻ അഖുന്ദാണ് ഇടക്കാല സർക്കാരിനെ നയിക്കുക. മുല്ല അബ്‌ദുല്‍ ഗനി ബറാദർ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബിന് ആണ് നിലവിൽ പ്രതിരോധ മന്ത്രി സ്ഥാനം. ഇടക്കാല സർക്കാരിനെയാണ് നിലവിൽ പ്രഖ്യാപിക്കുന്നതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചെങ്കിലും എത്രനാൾ തുടരുമെന്നോ എന്തുകൊണ്ട് മാറ്റുന്നുവെന്നോ വ്യക്തമല്ല. തെരഞ്ഞെടുപ്പ് സൂചനകളും താലിബാൻ ഇതുവരെ നൽകിയിട്ടില്ല.
ALSO READ: അഫ്‌ഗാനിൽ താലിബാൻ സർക്കാർ ; മുല്ല ഹസൻ അഖുണ്ട് പ്രധാനമന്ത്രി