മോസ്കോ: റഷ്യൻ വാക്‌സിനായ സ്‌പുട്‌നിക് വിയുടെ 100 ദശലക്ഷം ഡോസുകൾ ഇന്ത്യയിലെ ഡോ റെഡ്ഡീസ് ലബോറട്ടറിക്ക് വിതരണം ചെയ്യാൻ കരാറിലെത്തിയെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (ആർഡിഐഎഫ്) അറിയിച്ചു.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് സ്‌പുട്‌നിക് വിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിലും വിതരണത്തിലും സഹകരിക്കാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ആർഡിഐഎഫ് പറഞ്ഞു. ഇന്ത്യയിലെ റെഗുലേറ്ററി അംഗീകാരത്തിന് ശേഷം 100 ദശലക്ഷം കൊവിഡ് വാക്സിനുകൾ വിതരണം ചെയ്യുമെന്നും ആർഡിഐഎഫ് പത്രികുറിപ്പിലൂടെ അറിയിച്ചു. 2020 അവസാനത്തോടെ വാക്സിൻ വിതരണം ആരംഭിക്കുമെന്നും ആർഡിഐഎഫ് കൂട്ടിച്ചേർത്തു.
ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയമാണെന്നും മൂന്നാം ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കുമെന്നും ഡോ. റെഡ്ഡിയുടെ കോ-ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി വി പ്രസാദ് പറഞ്ഞു. ഇന്ത്യൻ കമ്പനിയുമായി കരാറിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ആർഡിഎഫ് സിഇഒ കിറിൽ ദിമിത്രീവ് പറഞ്ഞു.
ഓഗസ്റ്റ് പതിനൊന്നിനാണ് ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി വികസിപ്പിച്ചുവെന്ന് ഔദ്യോഗികമായി റഷ്യൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.