ന്യൂയോർക്ക്: പാകിസ്ഥാനില്‍ മതന്യൂനപക്ഷ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തുടര്‍ന്നുള്ള വിവാഹത്തിനും വിധേയരാകുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമണ്‍ (സിഎസ്‌ഡബ്ല്യു) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഓരോ വർഷവും നൂറുകണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം പുരുഷന്മാരെ വിവാഹം കഴിക്കാന്‍ നിർബന്ധിക്കുന്നു. തട്ടിക്കൊണ്ട് പോകുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കെതിരെ ഗുരതരമായ ഭീഷണികളുണ്ടാകുന്നുവെന്നും അവര്‍ക്ക് സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങി വരാന്‍ പോലുമാകാത്ത അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ജുഡീഷ്യല്‍ പ്രക്രിയയും പൊലീസും മതന്യൂന പക്ഷ ഇരകളോട് വിവേചനം കാണിക്കുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായാണ് ചിത്രീകരിക്കുന്നത്. ആക്രമണത്തിനിരയായ പാകിസ്ഥാന്‍, പാകിസ്ഥാന്‍ മതസ്വാതന്ത്ര്യം എന്ന പേരില്‍ 47 പേജുള്ള റിപ്പോര്‍ട്ടിലാണ് യുഎന്‍ ഇക്കാര്യം പറയുന്നത്.
ക്രിസ്ത്യൻ, ഹിന്ദു വിഭാഗത്തിലുള്ള പെണ്‍കുട്ടികളും പഞ്ചാബ് സിന്ധ് പ്രവിശ്യകളിലുള്ള പെണ്‍കുട്ടികളും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാകുന്നു. ഇവരില്‍ പലരും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളും. മാത്രവുമല്ല ഇവരില്‍ പലരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരും സാമ്പത്തിക നിലയില്‍ വളരെ താഴെയുള്ളവരും ആണ്. പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണെന്നും ആസൂത്രിത ലക്ഷ്യത്തോടെയാണ് ഇവരെ മതപരിവര്‍ത്തനത്തിനും തുടര്‍ന്നുള്ള വിവാഹത്തിനും നിര്‍ബന്ധിക്കുന്നത്. പല തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ വിധേയരാകുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങളെത്തുടര്‍ന്ന് ചികിത്സക്ക് വിധേയരാകുന്നവരാണ് മിക്ക പെണ്‍കുട്ടികളും. പാകിസ്ഥാനിലെ മനുഷ്യാവകാശ സംരക്ഷകർക്ക് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരന്തര ഭീഷണികള്‍ ഉണ്ടാകുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള പരിരക്ഷയും നല്‍കുന്നുമില്ല. 2017ല്‍ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള കുട്ടികളുമായി നേരിട്ട് സംസാരിച്ചെന്നും സിഎസ്‌ഡബ്ല്യു റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ മതസ്വാതന്ത്ര്യം വഷളായിക്കൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്താൻ പാകിസ്ഥാൻ തെഹ്‌രീക് ഇൻ ഇൻസാഫ് സർക്കാർ തീവ്ര മതവികാരമുള്ള ആളുകളെ ഉപയോഗിച്ചുവെന്നും യുഎന്‍. രാഷ്ട്രീയ അടിത്തറ നേടുന്നതിനായി ഇസ്ലാമിക ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന മതനിന്ദാ നിയമങ്ങളുടെയും അഹമ്മദീയ വിരുദ്ധ നിയമങ്ങളുടെയും ആയുധവൽക്കരണവും രാഷ്ട്രീയവൽക്കരണവും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക രാഷ്ട്രത്തിലെ ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾ ദുർബലരായവരാണെന്ന് യുഎന്‍ കമ്മീഷൻ വ്യക്തമാക്കി.
പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയും അത്തരം കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. ഖുര്‍ ആനിലെ വാക്യങ്ങള്‍ അച്ചടിച്ച പേപ്പര്‍ ഉപയോഗിച്ച് മരുന്നുകള്‍ പൊതിഞ്ഞതിന് മിര്‍പുര്‍ഖാസില്‍ നിന്നുള്ള ഹിന്ദു വെറ്റിറിനറി ഡോക്ടര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തിയത് 2019 മെയ് മാസത്തിലാണ്. ഇത്തരം ഉദാഹരണങ്ങളോടെയാണ് ഈ നിയമത്തിന്‍റെ ദുരുപയോഗത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഈ ഡോക്ടറുടെ ക്ലിനിക്കും ഹിന്ദു സമുദായത്തിലുള്ളവരുടെ മറ്റ് കടകളും കത്തിക്കുകയും ചെയ്തു. ഇത് വലിയ വിവാദങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗം വര്‍ധിച്ചുവരികയാണ്. മാത്രവുമല്ല തീവ്രവാദ പ്രവര്‍ത്തനത്തിന് കൂടുതല്‍ ആക്കം കൂട്ടുകയും സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും ആണ് ചെയ്യുന്നത്. മതനിന്ദാ കേസുകള്‍ പലപ്പോഴും മതവികാരങ്ങള്‍ ഉണര്‍ത്തുകയും അത് അക്രമത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതുമാണ്. വിഭാഗീയ അതിക്രമങ്ങൾ തടയുന്നതിനും മതപരമായ ആക്രമണങ്ങള്‍ നടത്തുന്നവരെ പിടികൂടുന്നതിനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ യുഎന്‍ സിഎസ്ഡബ്ല്യു പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.