മോസ്‌കോ: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ജേതാവായ ഡാനിൽ മെദ്‌വെദേവിന് ആശംസകൾ അറിയിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് റഷ്യയുടെ മെദ്‌വെദേവ് കിരീടം സ്വന്തമാക്കിയത്. 16 വർഷത്തിലെ കാത്തിരിപ്പിന് ഒടുവിലാണ് റഷ്യൻ താരത്തിന് ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാകുന്നത്.
'മികച്ച വിജയ'മെന്നായിരുന്നു റഷ്യൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. ആത്മവിശ്വാസത്തോടെയും സംയമനത്തോടെയുമായിരുന്നു താങ്കളുടെ പ്രകടനമെന്നും ഉയർന്ന നൈപുണ്യവും സ്ഥിരോത്സാഹവും മത്സരത്തിലുടനീളം പ്രകടമാക്കിയെന്നും അഭിനന്ദന സന്ദേശത്തിൽ പറയുന്നു. ഇങ്ങനെയാണ് റിയൽ ചാമ്പ്യൻസ് കളിക്കുകയെന്നുകൂടി പുടിൻ അഭിനന്ദന സന്ദേശത്തിൽ പ്രസിഡന്‍റ് എഴുതി.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടെന്നീസ് കളിക്കാരനാണ് ജോക്കോവിച്ച് എന്നായിരുന്നു വിജയത്തിന് ശേഷം മേദ്‌വദേവ് പ്രതികരിച്ചത്. കളത്തിലെ എതിരാളിയോട് ബഹുമാനത്തോടെയും അന്തസോടെയും സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ ആകർഷിച്ചുവെന്ന് റഷ്യൻ വിദേശ മന്ത്രാലയ വക്താവ് മരിയ സഖരോവ ഫേസ്ബുക്കിൽ കുറിച്ചു.
2005ൽ മരറ്റ് സഫിനും 2014ൽ മരിയ ഷറപോവക്ക് ശേഷവും ടെന്നീസിൽ വലിയ ടൈറ്റിൽ കിട്ടുന്ന റഷ്യൻ താരമാണ് മെദ്‌വദേവ്. മെദ്‌വെദേവിന്‍റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. നേരത്തെ 2019ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിനിറങ്ങിയിരുന്നെങ്കിലും കനത്ത പോരാട്ടത്തിനൊടുവില്‍ റഫാല്‍ നദാലിനോട് തോല്‍വി വഴങ്ങിയിരുന്നു.
കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ തോല്‍പ്പിച്ചയിരുന്നു മെദ്‌വെദേവ് ഫൈനലിലെത്തിയത്. 6-4, 7-5, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യന്‍ താരത്തിന്‍റെ വിജയം.
READ MORE: യുഎസ് ഓപ്പണ്‍: ചരിത്രം കുറിച്ച് മെദ്‌വെദേവ്; കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം