കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ അന്വേഷണം ആരംഭിച്ചു. വൈസ് പ്രസിഡന്‍റ് അമ്‌റുള്ള സലേഹാണ് മാധ്യമങ്ങളോട് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കിയത്. വിദ്യാര്‍ഥികളുള്‍പ്പെടെ 22 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നിരുത്തരവാദിത്തപരമായി പെരുമാറിയെന്നാരോപിച്ച് അറസ്റ്റിലായ 13 പൊലീസ് ഓഫീസര്‍മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിട്ടയക്കാന്‍ ഉത്തരവിട്ടതായി വൈസ് പ്രസിഡന്‍റ് വ്യക്തമാക്കി. സര്‍വകലാശാലയിലെത്തിയ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. മരിച്ച 20 പേരില്‍ 18 പേര്‍ നിയമ വിദ്യാര്‍ഥികളാണ്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും താലിബാനെ വൈസ് പ്രസിഡന്‍റ് കുറ്റപ്പെടുത്തി. താലിബാനെതിരെ നിരവധി തെളിവുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ ബോക്‌സില്‍ താലിബാന്‍ കൊടി കണ്ടെത്തിയെന്നും ക്ലാസ് മുറിയിലെ ചുമരില്‍ താലിബാന്‍ നീഴാല്‍ വാഴട്ടെയെന്നും എഴുതിയിരുന്നതായി അമ്‌റുള്ള സലേഹ് ചൂണ്ടിക്കാട്ടി. രണ്ടാഴ്‌ചക്കുള്ളില്‍ അഫ്‌ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഒരാഴ്‌ചക്ക് മുന്‍പ് ട്യൂട്ടോറിയല്‍ സ്ഥാപനത്തിന് നേരെയുള്ള ചാവേറാക്രമണത്തില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 30 പേരാണ് കൊല്ലപ്പെട്ടത്.